Wednesday, August 22, 2007

യാത്രയയപ്പ്‌

നാട്ടുകാരുടെ പൊന്നോമനയും കണ്ണിലുണ്ണിയുമൊന്നുമല്ലാതിരുന്നതിനാല്‍ യാത്രയയപ്പുസമ്മേളനം, കെട്ടിപ്പിടുത്തം, ചുബനം തുടങ്ങിയ കലാപരിപാടികള്‍ ഒന്നും ഉണ്ടായിരുന്നില്ല.

നോക്കെത്താ ദൂരത്ത്‌ പരന്നു കിടക്കുന്ന വയലിലേക്കിറങ്ങുന്ന ഇടവഴിമുക്കില്‍...
പുലരിമഞ്ഞുതുള്ളി ഇറ്റു വീഴുന്നൊരു റോസാപുഷ്പം കണക്കെ നിറഞ്ഞ കണ്ണുമായി...
ചുണ്ടില്‍ കൃത്രിമമായി വരുത്താന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട ചിരിയോടെ...

"സൂക്ഷിച്ച്‌ പോണേ..ചെന്ന ഉടനേ വിളിക്കണം, മുടങ്ങാതെ കത്തിടണം, ഞാന്‍ കാത്തിരിക്കും"
എന്ന് വിതുമ്പുന്ന അധരത്താല്‍ മന്ത്രിച്ച പ്രണയിനിയുടെ കൈകള്‍ കോര്‍ത്തുപിടിച്ചു.

"മണ്ടിപ്പെണ്ണേ..സന്തോഷത്തോടെ എന്നെ യാത്രയയക്കൂ"
എന്നവളുടെ കാതില്‍ മൊഴിഞ്ഞ്‌....

പെട്ടന്നുണ്ടായ വികാരാവേശത്തില്‍ അവളെ മാറോടണക്കാന്‍ തുടങ്ങവേ ദൂരെ നിന്നാരോ നടന്നടുക്കുന്നത്‌ കണ്ടതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു.

"അപ്പോ എല്ലാം പറഞ്ഞപോലെ"
എന്ന് കണ്ണുകളാല്‍ യാത്ര ചൊല്ലി.

കൈകള്‍ വീശി യാത്രയയ്ക്കുന്ന അവളെ റോഡെത്തുവോളം തിരിഞ്ഞു തിരിഞ്ഞു നോക്കി.

ഓ പിന്നേ..ഇതെന്താ മുട്ടത്തുവര്‍ക്കിയുടെ പൈങ്കിളി നോവലോ..
പ്രണയിനി പോലും..
ഇങ്ങനെത്തെ സീനൊക്കെ സിനിമയിലല്ലേ ഉള്ളൂ മാഷേ...
എന്നാലും വെറുതേ ഒന്നാശിച്ചു പോയീ...
അങ്ങനെ ഒരു വാനരി(?)യും ഇല്ലാതിരുന്നതിനാല്‍ ആഗ്രഹങ്ങള്‍ അങ്ങനെ തന്നെ ശേഷിച്ചു..

അഴീക്കോട്‌ സാറ്‌ പറഞ്ഞതു പോലെ
"ആഗ്രഹങ്ങള്‍ കുതിരകളായിരുന്നെങ്കില്‍, യാചകന്മാര്‍ കുതിരസവാരി ചെയ്തേനേ.."
ഇക്കാര്യത്തില്‍ വെറുമൊരു യാചകനായി കുതിരപ്പുറത്ത്‌ കറങ്ങാനാണ്‌ എന്റെ വിധി..

അതു പോട്ടെ..

ഒരു ബാഗില്‍ കൊള്ളുന്നത്രയും ഡ്രസ്സ്‌ കുത്തിനിറച്ച്‌( ഒരു ബാഗില്‍ കൊള്ളാവുന്നതില്‍ കൂടുതല്‍ ഡ്രസ്സ്‌ ഒന്നും എനിക്കില്ലാരുന്നെങ്കില്‍ കൂടി..), സോപ്പ്‌, ചീപ്പ്‌, തോര്‍ത്ത്‌, അച്ചാര്‍ തുടങ്ങിയ കിടുപിടീസുമായി ഞാന്‍ വീട്ടില്‍ നിന്നിറങ്ങി..

ജനിച്ചതില്‍ പിന്നെ അദ്യമായാണ്‌ ഇത്രയും ദൂരേയ്കൊരു യാത്ര..
വീട്ടില്‍ നിന്നും വിട്ടു നില്‍ക്കുന്നതും ആദ്യമായാണ്‌.
എവിടെപ്പോയാലും അത്താഴത്തിനു "ചട്ടിക്കെണ്ണം കൊടുക്കുന്ന സമയത്ത്‌" വീട്ടിലെത്തുന്നതാ. മനസ്സില്‍ എന്തോ ഒരു വിങ്ങല്‍.
"പോയി നന്നായി വാ മോനേ" എന്ന് പറഞ്ഞപ്പോള്‍ അമ്മയുടെ ചുണ്ടുകള്‍ വിതുമ്പിയോ?..
"എന്നാ നോക്കാനാടാ..നീ കൂളായിട്ടു പോയി വാടാ" എന്ന്‌ ധൈര്യം പകര്‍ന്ന പെങ്ങളുടേയും ...

യാത്രയാക്കാന്‍ അധികം ആരും ഉണ്ടായിരുന്നില്ല.
കുട്ടായി, പിന്നെ പോളിയിലുണ്ടായിരുന്ന രണ്ടാത്മാര്‍ത്ഥ സുഹൃത്തുക്കളും..(പരേതന്‍, മോന്‍).

അങ്ങനെ ശകടത്തില്‍ കയറിപ്പറ്റി..
ഈ സാധനം വീടിനു മുമ്പില്‍ കൂടി പാഞ്ഞു പോകുന്നകാണുമ്പോള്‍ എന്തൊരാരാധന ആയിരുന്നു.
വണ്ടിയിലെ ചെത്തുപെണ്ണുങ്ങളെ കാണാന്‍ വഴിവക്കില്‍ കൂടിയിരുന്ന് വണ്ടിയിലേക്ക്‌ തുറിച്ച്‌ നോക്കിയിരുന്ന കാലം വളരെ അകലെയല്ല.
ചാകുന്നതിനു മുമ്പ്‌ ഒരിക്കലെങ്കിലും ഇതില്‍ കയറിപ്പറ്റാന്‍ സാധിക്കുമെന്ന് കരുതിയതല്ല..

വണ്ടി പാലാ വിട്ടു..
സുഹൃത്തുക്കള്‍ കൈവീശീ യാത്രാമൊഴി ചൊല്ലി...
വണ്ടി വീടിനു മുമ്പില്‍ കൂടിയാണ്‌ പോകേണ്ടത്‌..
വീടിന്റെ വശം നോക്കി ആളൊഴിഞ്ഞ സൈഡ്‌ സീറ്റില്‍ ഞാനിരുന്നു.
ദാ...ന്നു പറയുന്ന സമയം കൊണ്ട്‌ വണ്ടി വീടിനു മുന്‍പില്‍ എത്തി..

ഞാന്‍ കൈ പുറത്തേക്ക്‌ വീശി.
വീടിന്റെ നടയില്‍ അമ്മയും പെങ്ങളും കൈവീശിക്കാണിക്കുന്നു.
ചെക്കന്‍ ബാഗ്ലൂരിനു പോണതിനു മുമ്പെത്താനായി ഓടിപ്പാഞ്ഞ്‌ വൈകിയെത്തിയ അമ്മാവന്‍ മുറ്റത്തും..

നിമിഷാര്‍ദ്ധത്തില്‍ ആ കാഴ്ച മാഞ്ഞു.അവര്‍ക്കെന്നെ ലൊക്കേറ്റ്‌ ചെയ്യാന്‍ പറ്റിയോ ആവോ..
"ഒന്ന്‌ സ്ലോ ചെയ്യേടേ ഞാനൊന്ന് റ്റാറ്റാ കൊടുക്കട്ടേ"
എന്ന് പറയണമെന്നുണ്ടായിരുന്നു.
എനിക്കറിയാന്‍ മേലാത്ത ഭാഷയില്‍ എന്തൊക്കയോ പറഞ്ഞ്‌ ചിരിക്കുന്ന ഡ്രൈവര്‍ന്മാരോട്‌ ഞാനെന്തു പറയാന്‍.

അര മണിക്കൂറിനുള്ളില്‍ വണ്ടി തൊടുപുഴ എത്തി.
അവിടെ ഇത്തിരി താമസമുണ്ടെന്ന് മനസ്സിലാക്കിയ ഞാന്‍ പുറത്തിറങ്ങി വീട്ടിലേക്ക്‌ വിളിച്ചു.
"എന്നെ കണ്ടായിരുന്നോ..."
"നീയേതാന്ന് നോക്കി വന്നപ്പോഴേക്കും വണ്ടി കടന്ന് പോയി മോനേ..എന്നാല്‍ ശരി വച്ചോ..അവിടെ എത്തീട്ട്‌ വിളിച്ചാല്‍ മതി"

പുറപ്പെടാറായപ്പോഴേക്കും വണ്ടി ഏതാണ്ട്‌ ഫുള്‍ ആയി..
എല്ലാം ഒരുമാതിരി കിടു ടീമ്‌സ്‌.
മിക്കവരും ആംഗലേയത്തിലാണ്‌ സംസാരം..
കണ്ടാല്‍ തന്നെ അറിയാം എല്ലാം നല്ല ജിക്കിലിയുള്ള വീട്ടിലെ ആള്‍ക്കാര്‍...
നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ കുത്തരി ടീമ്‌സ്‌.

എനിക്കാണേല്‍ സായിപ്പിന്റെ ഭാഷ അത്രക്കങ്ങാട്ട്‌ വശവുമില്ല.
ആരെങ്കിലും എന്തേലും ചോദിച്ചാല്‍ പറയേണ്ട മറുപടികളൊക്കെ മനസ്സില്‍ പലവട്ടം ഉരുവിട്ടു നോക്കി..
എന്തൊക്കെയോ തകരാറുണ്ട്‌..എന്നാലും ഒപ്പിക്കാം.
എങ്കിലും കൂടുതല്‍ റിസ്ക്‌ ഒഴിവാക്കാന്‍ വണ്ടി പുറപ്പെടുന്നതിനു തൊട്ടു മുന്‍പ്‌ മാത്രമേ ഞാന്‍ കേറിയൊള്ളൂ..
തൊട്ടടുത്തിരിക്കുന്നവനെ ഇരിക്കുന്നതിനു മുമ്പ്‌ ഒന്ന് പാളി നോക്കി.
വല്ല സായിപ്പ്‌ കുഞ്ഞുമാണോ എന്നറിയേണ്ടേ..
കണ്ടിട്ട്‌ വലിയ കുഴപ്പമില്ല..നാടന്റെ ലക്ഷണമൊക്കെയുണ്ട്‌..
എന്നാലും കുഴപ്പങ്ങളൊഴിവാക്കാന്‍ ഉറങ്ങുന്ന മാതിരി സീറ്റില്‍ ഇരുന്ന പാടേ ഞാന്‍ കണ്ണടച്ചു.
അറിയാതെ ഞാന്‍ മയക്കത്തിലേക്ക്‌ വഴുതിപ്പോയി.

ഒരു അഞ്ചുമിനുട്ട്‌ കഴിഞ്ഞ്‌ കാണും..
ചെവിക്കടുത്ത്‌ ആരോ ഉച്ചത്തില്‍ കൂവിയ പോലെ..
ഞാന്‍ ഞെട്ടിയെണീറ്റ്‌ ചുറ്റും നോക്കി...
പണ്ടാരം ഏതോ അലമ്പുവീഡിയോ വച്ചതിന്റെ ബഹളമാണ്‌.
വണ്ടിയൊക്കെ ഉഗ്രന്‍ ആണെങ്കിലും സ്പീക്കര്‍ അത്ര പോരാ..
മൊത്തത്തില്‍ ഒരു കൂക്കി വിളിപോലെയാണു കേള്‍ക്കുന്നത്‌..
നേരേ തലക്കുമുകളില്‍ ഓരോ സീറ്റിനും ഓരോന്ന്.
ഏതൊ ഗള്‍ഫ്‌ ട്രിപ്പിന്റെ കോമഡിക്കാസറ്റാണ്‌.

കോമഡികാണാനുള്ള മൂഡില്ലാതിരുന്നതിനാല്‍ കണ്ണടച്ചേക്കാമെന്നു വിചാരിച്ചപ്പോ പുറകില്‍ ഇരുന്നവന്‍ തോണ്ടി വിളിക്കുന്നു.
സീറ്റ്‌ താഴ്ത്തി വക്കണമത്രെ..
നോക്കിയപ്പോള്‍ മിക്കവാറും ആള്‍ക്കാര്‍ കിടന്നതിനൊക്കുമേ ഇരിക്കിലും എന്ന പോസിലാണ്‌.

സൈഡില്‍ കണ്ട ലിവര്‍ കേറിയപ്പോ തന്നെ നോട്ട്‌ ചെയ്തതാണ്‌.
ഏതാണ്ട്‌ ഈ ആവശ്യത്തിനാണെന്ന് മനസ്സിലാവുകയും ചെയ്തതാണ്‌.
ഇതിന്റെ ടെക്നിക്‌ ഒന്ന് നോക്കിവക്കണം എന്ന് അപ്പോള്‍ തന്നെ മനസ്സില്‍ ഉറപ്പിച്ചതാണേലും പിന്നെയക്കാര്യം വിട്ടു പോയി..
എന്താണേലും വലിയ കുണ്ടാമണ്ടിയൊന്നും ഇല്ലാതെ സംഭവം പിടികിട്ടി.
മെല്ലെയൊന്നു മയങ്ങി..

പിന്നെ എഴുന്നേല്‍ക്കുമ്പോള്‍ വണ്ടിയില്‍ നല്ല വെളിച്ചമുണ്ട്‌.
അടുത്തെങ്ങും ആരുമില്ല. പുറത്തേക്ക്‌ നോക്കി.
ചെറിയ ചാറ്റല്‍ മഴയുണ്ട്‌. വണ്ടി ഏതോ ഹോട്ടലിനു മുമ്പില്‍ നിറുത്തിയിട്ടിരിക്കുന്നു.
എന്തോ വലിയ വിശപ്പില്ല. കഴിപ്പ്‌ എന്താണേലും വേണ്ടന്നു വച്ചു.
വണ്ടിയില്‍ ചുമ്മാതിരിക്കുന്ന നേരത്ത്‌ കൊറിക്കുവാന്‍ അമ്മ തന്നു വിട്ട രണ്ട്‌ അമണ്ടന്‍ ഏത്തപ്പഴങ്ങള്‍ ബാഗിലുണ്ട്‌.
വിശക്കുവാണേല്‍ അതെടുത്തടിക്കാം.

വീട്ടിലേക്കൊന്നു വിളിക്കണം. ഞാന്‍ വണ്ടിയില്‍ നിന്നു പുറത്തേക്ക്‌ ഇറങ്ങി.
ഹോട്ടലിനു മുമ്പിലെ ഫോണ്‍ബൂത്തില്‍ നിന്നും വീട്ടിലേക്ക്‌ വിളിച്ചു.

പിന്നെ പരിസരനിരീക്ഷണം നടത്തി.
ഈയൊരു ഹോട്ടലല്ലാതെ പരിസരത്തൊന്നും വേറെയൊന്നും കണ്ടില്ല.
ഹോട്ടലിന്റെ എതിര്‍വശത്ത്‌ ഒരു കുരിശുപള്ളി കാണാനുണ്ട്‌..

ഏതോ പട്ടിക്കാട്‌ തന്നെ..ഞാന്‍ മനസ്സില്‍ പറഞ്ഞു.
കുരിശുപള്ളിയുടെ മുമ്പിലുള്ള ബോര്‍ഡ്‌ വായിച്ചപ്പോള്‍ അല്‍ഭുതം.
വലിയ അക്ഷരത്തില്‍ സ്ഥലപ്പേര്‍ എഴുതി വച്ചിരിക്കുന്നു.
"പട്ടിക്കാട്‌"!!

നിറുത്തിയിട്ടിരുന്ന വേറേം എയര്‍ബസ്സുകളിലെ (സ്ത്രീ)യാത്രക്കാരെ ശ്രദ്ധിച്ചു കൊണ്ട്‌ സമയം തള്ളി നീക്കി.
ബസ്സ്‌ പുറപ്പെടുന്നതിനു മുമ്പ്‌ കിളി പോലെ വാതില്‍ നിന്നവനോട്‌ ബാഗ്ലൂരിലെ ആദ്യത്തെ സ്റ്റോപ്പ്‌ എത്തുമ്പോല്‍ വിളിക്കണമെന്ന് മലയാളവും മുറിത്തമിഴും ചേര്‍ന്ന ഭാഷയില്‍ എങ്ങനെയോ പറഞ്ഞു മനസ്സിലാക്കി...

പിന്നെ മെല്ലെ സീറ്റിലേക്ക്‌ ചാഞ്ഞു..

ബാഗ്ലൂരിലെ ആദ്യത്തെ സ്റ്റോപ്പ്‌..
"സില്‍ക്ക്‌ ബോര്‍ഡ്‌.."
ഉണ്ണി പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഞാനാ സ്ഥലം ഭാവനയില്‍ കണ്ടു..

പിന്നെ മെല്ലെ മെല്ലെ ഉറക്കത്തിലേക്ക്‌ വഴുതി വീണു..
നിറയെ നല്ലതും ചീത്തയുമായ സ്വപ്നങ്ങള്‍ കണ്ട്‌ ഇടയ്കിടെ കണ്ണു തുറന്നു.
വായിലൂടെ ഒലിച്ചിറങ്ങിയ ഈത്ത തുടച്ച്‌ പിന്നെയും ഉറക്കം തുടര്‍ന്നു.

"മടിവാള രുക്‌മാ ഓഫീസേയ്‌.."
ഒരു കൂക്കിവിളി കേട്ടാണ്‌ പിന്നെ കണ്ണു തുറന്നത്‌.

തുടരും..

5 comments:

സുനീഷ് തോമസ് / SUNISH THOMAS said...

ഉം... രുക്മേല്‍ കേറി അവിടെവരെയെത്തി അല്ലേ? ബാക്കികൂടി പോന്നോട്ടെ.... ബാംഗ്ളൂരു തുടങ്ങി ചെന്നെയിലവസാനിക്കുമോ? അതു വേണ്ട കെട്ടോ... തിരിച്ചു പാലായില്‍ കൊണ്ടു വന്നേ വണ്ടി നിര്‍ത്താവൂ...

(നല്ല ഒഴുക്ക്. വായിച്ചുപോകാന്‍. ഇത് ഇതേപടി എടുത്തു വിഴുങ്ങാന്‍ എനിക്ക് അഞ്ചുമിനിറ്റുപോലും വേണ്ടി വന്നില്ല. )

കഴിഞ്ഞ ലക്കത്തില്‍ ഗുരുവായൂരപ്പനെയും അന്തോനീസു പുണ്യാളനെയും രണ്ടിടത്തായി ഒരേകാര്യത്തിനു പരാമര്‍ശിച്ചതു ഞാന്‍ ശ്രദ്ധിച്ചു.

മതേതരവാദിയാണല്ലേ....?!!

(സിനിമിയല്‍ സാള്‍ട്ട് മാംഗോ ട്രീക്കുമുന്‍പ് ജഗതി മോഹന്‍ലാലിനോട് "ഇംഗ്ളീഷ് മീഡിയം ആയിരിക്കും" എന്നു ചോദിക്കും പോലുള്ള ടോണില്‍ അങ്ങു വായിക്കുക. )

സുനീഷ് തോമസ് / SUNISH THOMAS said...

മറന്നുപോയി. തേങ്ങ ഉടച്ചില്ല. തേങ്ങയ്ക്കു പകരമായി രണ്ടു കുപ്പി പൊട്ടിച്ചിരിക്കുന്നു!! (അതായത് കുപ്പി ചിരിക്കുന്നു, പൊട്ടിച്ചിരിക്കുന്നു):-)

kalippumachan \ കലിപ്പുമച്ചാന്‍ said...

കോള്ളാം ... യാത്ര സുഖമായിരുന്നു... ബാംഗ്ളൂര്‍ വിശേഷം അറിയാന്‍ അധികം കാത്തിരിക്കേണ്ടി വരത്തില്ലല്ലോ അല്ലേ...

ശ്രീ said...

എന്നിട്ട്?
ബാക്കി പോരട്ടേ

വിനുവേട്ടന്‍ said...

നല്ല രസത്തോടെ വായിച്ചു കൊണ്ടിരിക്കുന്നു... ഇനി അടുത്ത ലക്കത്തിലേക്ക് പോകട്ടെ...