Monday, September 10, 2007

ബേങ്കളൂരിലെ ആദ്യത്തെ വീട്ടിലേക്ക്

കാബ് വരുന്നതും നോക്കി കുറേ നേരം അവിടെ നിന്നു.
വെറുതേ നിന്നു കാലു കഴച്ചതു മിച്ചം.

ഹേയ്..അല്ല..
വേറേ വാനുകളൊന്നും വരാതിരുന്നതു കൊണ്ടല്ല...

വന്നവന്മാര്‍ ഒക്കെ..
‘ബൊമ്മനഹള്ളി, ബൊമ്മസാന്ദ്രാ..” എന്നു മാത്രം വിളിച്ചു കൂവിക്കൊണ്ടിരുന്നു.
ഒരെണ്ണം പോലും BTM പോണതില്ല.

ഹും..ബാംഗ്ലൂരില്‍ ചെന്നാല്‍ ഓരോ സാധനങ്ങള്‍ക്കും ഓരോ സ്‌ട്രീറ്റാണെന്ന് കേട്ടിരുന്നു.
അതായത് കോടാലി വില്‍ക്കുന്ന കടകളെല്ലാം ഒരു റോഡില്‍... (അതേത് റോഡ് ?)
പിച്ചാത്തിക്കടകള്‍ വേറൊരു റോഡില്‍..

ഈ ‘ബൊമ്മ’കളൊക്കെ വില്‍ക്കുന്ന സ്ഥലമായിരിക്കും ബൊമ്മനഹള്ളിയും ബൊമ്മസാന്ദ്രയുമൊക്കെ.. ഞാന്‍ മനസ്സില്‍ വിചാരിച്ചു.

മൂടല്‍മഞ്ഞു പുതപ്പിട്ട സില്‍ക്ക്ബോര്‍ഡ് ജംഗ്‌ഷന്‍ നോക്കിയാല്‍ കാണാവുന്ന ദൂരത്താണ്.
ഞാന്‍ ഉണ്ണീ തന്ന റൂട്ട് മാപ്പ് ഒരിക്കല്‍ കൂടി വിടര്‍ത്തി...

വേണമെങ്കില്‍ നടക്കാവുന്ന ദൂരമേയുള്ളൂ എന്നാണല്ലോ ഇഷ്‌ടന്‍ പറഞ്ഞിരിക്കുന്നത്.
നടക്കുക തന്നേ..
കോച്ചി വിറക്കുന്ന ഈ തണുപ്പത്ത് ഇത്തിരി ചൂടും കിട്ടും..
ഭണ്ഡാരക്കെട്ടും തൂക്കി ഞാന്‍ നടപ്പു തുടങ്ങി..

സില്‍ക്ക് ബോര്‍ഡില്‍ നിന്നും വലത്തേക്ക്..
ഇത്തിരി കേറ്റമാണ്..എങ്കിലും വലിയ കുഴപ്പമില്ല.
അല്ലേലും DYFI -യുടെ കാല്‍നടജാഥയുമായി,
പാലായിലേയും പരിസരപ്രദേശങ്ങളിലേയും കുന്നും,മലയുമൊക്കെ കയറി നടന്ന എനിക്ക്,
ഈ കേറ്റമൊക്കെ ഒരു കേറ്റമാണോ...
ചുമ്മാ ടോപ്പ് ഗിയറില്‍ നട നട...

BTM ബസ് സ്‌റ്റാന്‍ഡ് കണ്ടു..പിന്നേം കയറ്റം..
കുന്നിനു മുകളിലെത്തിയപ്പോ നാലും കൂടിയ ജംഗ്‌ഷനില്‍ ബോര്‍ഡ് കണ്ടു..
ഇടത്തേക്കുള്ള റോഡില്‍...

“ഉഡുപ്പി റെസ്‌റ്റൊറന്റ്’
(അന്ന് ആ റോഡിലുള്ള ആദ്യത്തെക്കടയാണ് ഉഡുപ്പി..ഇപ്പൊ എത്ര മാറ്റം അവിടൊക്കെ..)

അങ്ങനെ 2nd സ്‌റ്റേജ് കണ്ടു പിടിച്ചു. 6th main-ല്‍ തന്നാണ് ഉഡുപ്പി. ഇനി 6th cross കണ്ടുപിടിക്കണം.

ഹോട്ടലിലേക്ക് ഒന്നു പാളി നോക്കി. സംഭവം വെജിറ്റേറിയന്‍ ആണ്..
പൊറോട്ടയും ബീഫ് ഫ്രൈയും കിട്ടില്ല..
ങാ..വല്ലപ്പൊഴും വന്ന് മസാലദോശയും, നെയ്‌റോസ്‌റ്റും അടിക്കാം.

ഞാന്‍ മുമ്പൊട്ട് നടന്നു...
നല്ല മനോഹരമായ റോഡ്..

1st cross കണ്ടു, 2nd കണ്ടില്ല...പിന്നെ 3rd cross , 4th cross,
പിന്നെ 7th cross !!
കര്‍ത്താവേ.. ചുറ്റിയോ..?
6th മിസ്സായാ..
ഇത്തിരി കൂടി നടന്നു നോക്കാം.

അതാ വരുന്നു 5th cross, പിന്നെ 5th -A cross..
പിന്നെ..നമ്മുടെ 6th.

അതിനു എതിര്‍വശത്ത് അടയാളം പറഞ്ഞിരുന്ന പോലെ ‘അയ്യങ്കാര്‍ ബേക്കറി’.
6th cross നല്ല വ്ര്‌ത്തിയുള്ള റോഡാണ്..

ഇടതു വശത്ത് ഒരു കൊച്ചു കളിസ്ഥലം..
കുറേ കുട്ടികള്‍ അവിടെ പന്ത് തട്ടിക്കളിക്കുന്നു.
സായിപ്പുകുട്ടികളാണെന്ന് തോന്നുന്നു..
നല്ല സുന്ദരക്കുട്ടന്മാര്‍..

അതിനു പിന്നില്‍ ഒരു പാര്‍ക്കിന്റെ പണി ആരംഭിച്ചിരിക്കുന്നു.
തല്‍ക്കാലം കുറേ സിമന്റ് ബഞ്ചുകളും, കാട്ടുപള്ളകളും, മരങ്ങളും മാത്രമേ ഉള്ളൂ....

വലതുവശത്തായി നിരനിരയായി മുട്ടിമുട്ടി നില്‍ക്കുന്ന വീടുകള്‍..
ഇനി ഇതില്‍ നിന്നും #23 കണ്ടു പിടിക്കണം.

അങ്ങനെ നോക്കി നടന്ന് അതു ഞാന്‍ കണ്ടെത്തി..
#23..
ബാംഗ്ലൂരിലെ എന്റെ ആദ്യത്തെ വീട്!!

3സൊപ്പുപെട്ടികള്‍ ഒന്നിനു മുകളില്‍ ഒന്നായി വച്ച പോലെ..
3 നിലയുള്ള ഒരു കൊച്ചുകെട്ടിടം.
ഒരുകുഞ്ഞുമുറിയുടെ വീതിയേ കാണാനുള്ളൂ.
2 അടി വീതിയുള്ള ചെറിയ പോര്‍ച്ചില്‍ തിക്കിനിറച്ച് നാലഞ്ചു ബൈക്കുകള്‍ വച്ചിരിക്കുന്നു.
അതിലൊന്ന് ഉണ്ണിയുടെ ഹോണ്ടാ സ്ലീക്കാണെന്ന് ഞാന്‍ കണ്ടെത്തി..
ഈ ബൈക്കുകള്‍ക്കിടയിലൂടെ വാതിലിനടുത്തെത്താന്‍ പ്രയാസം തന്നെ..


ആദ്യത്തെ രണ്ടുനില തങ്ങളുടേതാണന്നും,
മുകളിലത്തെ നിലയിലാണ്‌ എല്ലാവരും ഉറങ്ങുന്നതെന്നും
ഉണ്ണി പറഞ്ഞിരുന്നു.

ഞാന്‍ മുകളിലേക്ക് നോക്കി..
മുകളിലേക്ക് കയറാന്‍ പുറത്ത് കൂടെ സ്‌റ്റെപ്പുകള്‍ ഉണ്ട്.
മുകളിലേ ബാല്‍ക്കണിയില്‍ നിറയെ തുണീകള്‍ ഉണങ്ങാനിട്ടിരിക്കുന്നു.
കൂടുതലും അണ്ടര്‍വെയറുകള്‍ ആണ്.

ബാല്‍ക്കണിയിലേക്ക് തുറക്കുന്ന ഒരു വാതില്‍ ഉണ്ട്.
ഞാന്‍ മെല്ലേ സ്‌റ്റെപ്പുകള്‍ കയറി മുകളിലെത്തി..
തുണികള്‍ വകഞ്ഞു മാറ്റി വാതില്‍ക്കല്‍ എത്തി.

വാതിലില്‍ മാന്യമായി 3 പ്രാവശ്യം മുട്ടി ഞാന്‍ കാത്ത് നിന്നു.
ഇല്ല.. അനക്കമൊന്നുമില്ല..

5 മിനിറ്റിനു ശേഷം ഞാന്‍ പിന്നെയും മുട്ടി..
ഇത്തിരി കൂടി ശക്തിയില്‍...
അതിനും പ്രതികരണമൊന്നുമുണ്ടായില്ല.!

പിന്നെയും കൂടുതല്‍ കൂടുതല്‍ ശക്തിയില്‍ ക്ര്‌ത്യമായ ഇടവേളകളില്‍ ഞാന്‍ വാതിലില്‍ തട്ടി.
ഒടുവില്‍...
ഒടുവില്‍ ആരോ വാതിലിനരികിലേക്ക് നടന്നടുക്കുന്ന സ്വരം ഞാന്‍ കേട്ടു.
പിന്നെ കുറ്റിയെടുക്കുന്നതിന്റേയും..

ആരാവും വാതില്‍ തുറക്കുക എന്ന ആകാംഷയില്‍..
ഒരു “ഗുഡ് മോര്‍ണിംഗ് “ പറയാന്‍ റെഡിയായി ഞാന്‍ നിന്നു.

(തുടരും)

Wednesday, September 5, 2007

ബേങ്കളൂരില്‍ കാലുകുത്തി

മടിവാളയോ...
ഇതേതാ സ്ഥലം..
ആദ്യത്തെ സ്‌റ്റോപ്പ് സില്‍ക്ക് ബോര്‍ഡെന്നാണല്ലോ ഉണ്ണി പറഞ്ഞു തന്നിട്ടുള്ളത്..
ഇറങ്ങണോ വേണ്ടയോ എന്ന കണ്‍ഫ്യൂഷനിലായി ഞാന്‍..

‘സില്‍ക്ക്ബോര്‍ഡ് കഴിഞ്ഞോ സാറേ...‘
അടുത്തോരു സീറ്റിലിരുന്ന മൂപ്പിലാന്നോടു ചോദിച്ചു.
സാറേ വിളികേട്ട് ടിയാന്‍ ആദ്യമൊന്ന് പകച്ചെങ്കിലും ഇവിടെ ഇറങ്ങിക്കൊള്ളാന്‍ ആംഗ്യം കാട്ടീ.
“ഇത്തിരി പുറകോട്ടു നടന്നാല്‍ മതിയെന്നു” വേറാരോ കൂട്ടിച്ചേര്‍ത്തു.

ഒന്നൊന്നര റാത്തല്‍ ഭാണ്ഡക്കെട്ടും തൂക്കി ഞാന്‍ പുറത്തേക്കിറങ്ങി.
അവസാന പടിയില്‍ നിന്നും കാലെടുത്തു വയ്ക്കുമുമ്പേ ഭാണ്ഡമാരോ റാഞ്ചി.
നോക്കിയപ്പൊ, ചുറ്റി വളഞ്ഞു നിന്ന ഓട്ടോക്കാരിലൊരുവന്‍ എന്റെ ബാഗുമായി പൊകുന്നു.

‘കൂയ്, നില്‍ക്കോ. ..ഭായി സ്‌റ്റൊപ്പ്..”
ഞാന്‍ അവനു പിറകെ ഓടിച്ചെന്നു.

അവനെന്നൊട് കന്നടത്തില്‍ എന്തോക്കേയൊ ചോദിച്ചു.
“ഹൊഗു, ബേക്കു , *&^#@ “

ആ.... എനിക്കൊന്നും മനസ്സിലായില്ല.
ചെറിയൊരു ബലപ്രയോഗത്തിലൂടെ അവന്റെ കൈയ്യില്‍ നിന്നും ബാഗുവലിച്ചെടുക്കുമ്പൊള്‍ ഞാന്‍ പറഞ്ഞു.
“ഫ്രെണ്ടു വരുംഗു”....

ചുമ്മാ....
നമ്മളെത്തിരക്കിയാര് വരാന്‍...
ഈ ആഴ്ചകളില്‍ ഒരു ദിവസം വരുമെന്നേ ഉണ്ണിയോടു പോലും പറഞ്ഞിട്ടുള്ളൂ.

ബസ്സു പോയതോടെ സ്ഥലം പെട്ടന്നു കാലിയായി.
കുറേ അപ്പുറം നിറുത്തിയ വേറൊരു എയര്‍ബസ്സ് ലക്ഷ്യമാക്കി ഓട്ടൊകളെല്ലാം വാലുവാലെ പോയി.

എന്താ തണുപ്പ്...
ഏകനായി കുറേ നേരം രുക്മയുടെ ഓഫീസിനു മുന്നില്‍ നിന്നു.
എയര്‍ബസ്സുകള്‍ നിരനിരയായി കടന്നു പൊയ്‌ക്കൊണ്ടിരുന്നു..
kpn, sharma, shyama, .. എണ്ണിയാലൊടുങ്ങാത്ത വിധം അങ്ങനെ..
ഇടക്കെപ്പോഴോ ഒന്നോ രണ്ടോ വണ്ടി ഞാന്‍ നിന്നതിനടുത്തും നിറുത്തി.
അപ്പോഴെല്ലാം ഓട്ടോകള്‍ കൂട്ടത്തോടെ വരികയും, ആള്‍ക്കാരേയും റാഞ്ചിയെടുത്തു പായുകയും ചെയ്തു.

‘ഇങ്ങനെ നിന്നാല്‍ പറ്റത്തില്ലല്ലോ..എന്താണേലും നടന്നു നോക്കാം”.
ഞാന്‍ വാച്ചില്‍ നോക്കി. സമയം 6 മണിയാകുന്നതേ ഉള്ളൂ.
ഇതിനകം കാണാതെ പഠിച്ചിരുന്നെങ്കിലും ഉണ്ണി വരച്ചു തന്ന റൂട്ട്മാപ്പ് ഞാന്‍ ഒരു വട്ടം കൂടി പോക്കറ്റില്‍ നിന്നും എടുത്ത് നിവര്‍ത്തി നോക്കി..
എന്നിട്ട് സില്‍ക്ക്ബോര്‍ഡ് ലക്ഷ്യമാക്കി മെല്ലേ നടന്നു.

“ ഹാവൂ കുളിരുന്നു..ഒരു കട്ടന്‍ കിട്ടിയിരുന്നേല്‍ ഉഷാറായേനേം.” ആരോട് പറയാന്‍..
മേലാകെ മൂടിപ്പുതച്ച് ഓരോ രൂപങ്ങള്‍ വഴിയേ പോകുന്നുണ്ടായിരുന്നെങ്കിലും വഴിചോദിക്കാന്‍ പറ്റിയ ആരേയും കണ്ടില്ല.
എന്തൊക്കെയോ കാട്ടുപള്ളകളും, തക്കാളിയും, മറ്റും കയറ്റി ഉന്തുവണ്ടികളുമായി വേറേ ചില കൂട്ടര്‍ റോഡ് നിറയെ..

നടന്നു വരുമ്പോള്‍ അതാ മലയാളത്തില് ഒരു ബോര്‍ഡ്.
“മഡിവാള അയ്യപ്പ ടെമ്പിള്‍”
“സ്വാമിയേ..കാത്തോണേ...” ഞാന്‍ അയ്യപ്പനെ തൊഴുതു യാത്ര തുടര്‍ന്നു.

കുറച്ചുകൂടി മുമ്പോട്ട് പോയപ്പൊള്‍ റോഡിനു ഇടതുവശത്തായി ഒരു ക്ഷേത്രം..
അതിനു മുമ്പില്‍ റോഡിലേക്ക് തിരിഞ്ഞു 2 , 3 ടാപ്പുകള്‍ !!
കാല്‍ കഴുകിയിട്ട് അമ്പലത്തില്‍ കയറാന്‍ വേണ്ടിയാവാം.
ടാപ്പുകള്‍ കണ്ടതും മനസ്സില്‍ ഐഡിയാ മുളപൊട്ടി.
‘ഇനി പല്ലു തേച്ചിട്ടാവാം യാത്ര..”

ഞാന്‍ റോഡ് ക്രോസ്സ് ചെയ്ത് ടാപ്പിനടുത്തെത്തി.
ഭണ്ഡാരക്കെട്ട് റോഡരുകിലിട്ട് ,ബ്രഷും പേസ്‌റ്റുമെടുത്ത് ഞാന്‍ വിശാലമായി പല്ലു തേപ്പു തുടങ്ങി.
വെള്ളമെടുക്കാന്‍ കുടവുമായി വന്ന ഒരു സ്ത്രീ കന്നടത്തീല്‍ എന്തൊ പിറുപിറുത്തതല്ലാതെ( എന്നെ ചീത്തവിളിച്ചതാവാം) വേറെ കുഴപ്പമൊന്നുമുണ്ടായില്ല. വീണ്ടും നടപ്പ്.

അങ്ങനെ വരുമ്പോള്‍ അതാ..മഡിവാള പോലീസ് സ്‌റ്റേഷന്‍..
അതിന്റെ എതിര്‍വശത്ത് ഒരു മാടക്കടയില്‍ നിന്ന് നിറയെ ആള്‍ക്കാര്‍ ചായ കുടിക്കുന്നു. പോലീസ് സ്‌റ്റേഷനോടു ചേര്‍ന്ന വഴിയില്‍ നാട്ടുചന്തയാണെന്ന് തോന്നുന്നു. നിറയെ ആള്‍ക്കൂട്ടം.
“ഒരു ചായ കുടിച്ചു കളയാം” (കളയാനാണേല്‍ പിന്നെന്തിനാ കുടിക്കുന്നതല്ലേ..?)
ഞാനാ മാടക്കടയുടെ നേരെ നടന്നു.

മാടക്കടയോട് ചേര്‍ന്ന് ഒരു ടെലിഫോണ്‍ ബൂത്ത്. വീട്ടിലൊന്ന് വിളിച്ചേക്കാം.
‘വണ്‍ ടീ”..
ഞാന്‍ ചായയ്ക്ക് ഓര്‍ഡര്‍ കൊടുത്തിട്ട് ബൂത്തിലേക്ക് നീങ്ങി.
അമ്മയെ വിളിച്ച് ഞാന്‍ ബാംഗ്ലൂരില്‍ എത്തിയെന്നും, ഉണ്ണിയുടെ വീട്ടിലേക്കുള്ള വഴിയിലാണെന്നും അറിയിച്ചു.
എന്നിട്ട് പോയി ചായ വാങ്ങി.

“ഭഗവാനേ ഇതെന്തിന് മൂക്കിലൊഴിക്കാനോ..” ഒരു കൊച്ചുമൂട്ട ഗ്ലാസ്സില്‍ ഇത്തിരി ചായ.
“വീപ്പക്കുറ്റി പോലത്തെ ഒരു മുട്ടന്‍ കപ്പു നിറയെ ചായ കുടിച്ചോണ്ടിരുന്നവനാ..ങാ..ഗതി കെട്ടാല്‍...”
അപ്പോഴതാ വേറൊരുത്തന്‍..
‘ബൈ 2 ടീ ഒന്തു..”
“ശ്ശടാ..മീടുക്കാ...ഇതിനും ബൈ ടുവോ..”
ഞാനമ്പരന്നു നില്‍ക്കെ കടക്കാരന്‍ അയാള്‍ക്ക് ചായ പകുത്ത് 2 ഗ്ലാസ്സിലായി നല്‍കി..
( ബൈ 3, 2 ബൈ 3 അങ്ങനെ ഏതളവിലും ചായ കിട്ടുമെന്ന് പിന്നീട് മനസ്സിലായി..)

കടയില്‍ കണ്ട ഒരു തമിഴനോട് വഴി ചോദിച്ചു..
എനിക്ക് തമിഴ് അറിയില്ലെങ്കില്‍ കൂടി അയാള്‍ പറഞ്ഞ ചിലതെല്ലാം മനസ്സിലായി..

അയാള്‍ പറഞ്ഞതിന് പ്രകാരം നേരേ നോക്കിയാല്‍ കാണുന്ന ആ വിപ്രൊ ഓഫീസിനു (അന്ന് വിപ്രോക്ക് സില്‍ക്ക് ബോര്‍ഡിനു മുമ്പിലേ ഒരു ഓഫീസേ ഉള്ളൂ. ഫ്ലൈഓവറൊന്നും ഉണ്ടായിട്ടില്ല.) മുമ്പിലെ ജംഗ്ഷണ്‍ ആണ് സില്‍ക്ക് ബോര്‍ഡ് ജംഗ്‌ഷന്‍!. അവിടെ നിന്നും വലത്തേക്ക് പോയാല്‍ BTM എത്തും. BTM -പോകാന്‍ ബസ്സുകള്‍ കുറവാണ്. പക്ഷേ പോലീസ് സ്‌റ്റേഷനു മുമ്പില്‍ നിന്നും ക്യാബുകള്‍ കിട്ടും.

ക്യാബ് എങ്കില്‍ ക്യാബ് .
പോവുക തന്നെ..

ഞാന്‍ പോലീസ് സ്‌റ്റേഷനു മുമ്പിലേക്ക് നടന്നു.
ചെന്നപ്പോള്‍ എന്താ സംഭവം..
ക്യാബെന്ന് പറഞ്ഞാല്‍ നമ്മുടേ പഴയ മലയാളം പടത്തില്‍ വില്ലന്മാര്‍ വരുന്ന വണ്ടിയാണ്.
ടെമ്പോ വാന്‍!!
നിറുത്തിയിട്ടിരിക്കുന്ന 2, 3 വാന്‍ നിറയെ ആള്‍ക്കാര്‍ തിങ്ങിക്കൂടി കയറിയിട്ടുണ്ട്. കൂടാതേ ചീരക്കെട്ടുകള്‍ നിറച്ച കുട്ടകളും..
ഇരിക്കാന്‍ കിട്ടിയാല്‍ കുഴപ്പമില്ല...
നില്‍ക്കുന്നവര്‍ക്ക് നിവര്‍ന്ന് നില്‍ക്കാനുള്ള സ്ഥലമില്ല.
ആള്‍ക്കാര്‍ ‘റ” പോലെ വളഞ്ഞു നില്‍ക്കുന്നു.
വാതില്‍ക്കല്‍ നില്‍ക്കുന്ന കിളി എന്നെ കൈകാട്ടി വിളിക്കുന്നുണ്ട്..
“പിന്നേ... കയറി “റ” പോലെ വളഞ്ഞു നില്‍ക്കാനല്ലേ? എന്റെ പട്ടി കേറും. “
ഞാന്‍ സീറ്റുകള്‍ കാലിയുള്ള വാന്‍ വരാനായി അവിടെ കാത്തു നിന്നു.

(തുടരും.)