Wednesday, September 5, 2007

ബേങ്കളൂരില്‍ കാലുകുത്തി

മടിവാളയോ...
ഇതേതാ സ്ഥലം..
ആദ്യത്തെ സ്‌റ്റോപ്പ് സില്‍ക്ക് ബോര്‍ഡെന്നാണല്ലോ ഉണ്ണി പറഞ്ഞു തന്നിട്ടുള്ളത്..
ഇറങ്ങണോ വേണ്ടയോ എന്ന കണ്‍ഫ്യൂഷനിലായി ഞാന്‍..

‘സില്‍ക്ക്ബോര്‍ഡ് കഴിഞ്ഞോ സാറേ...‘
അടുത്തോരു സീറ്റിലിരുന്ന മൂപ്പിലാന്നോടു ചോദിച്ചു.
സാറേ വിളികേട്ട് ടിയാന്‍ ആദ്യമൊന്ന് പകച്ചെങ്കിലും ഇവിടെ ഇറങ്ങിക്കൊള്ളാന്‍ ആംഗ്യം കാട്ടീ.
“ഇത്തിരി പുറകോട്ടു നടന്നാല്‍ മതിയെന്നു” വേറാരോ കൂട്ടിച്ചേര്‍ത്തു.

ഒന്നൊന്നര റാത്തല്‍ ഭാണ്ഡക്കെട്ടും തൂക്കി ഞാന്‍ പുറത്തേക്കിറങ്ങി.
അവസാന പടിയില്‍ നിന്നും കാലെടുത്തു വയ്ക്കുമുമ്പേ ഭാണ്ഡമാരോ റാഞ്ചി.
നോക്കിയപ്പൊ, ചുറ്റി വളഞ്ഞു നിന്ന ഓട്ടോക്കാരിലൊരുവന്‍ എന്റെ ബാഗുമായി പൊകുന്നു.

‘കൂയ്, നില്‍ക്കോ. ..ഭായി സ്‌റ്റൊപ്പ്..”
ഞാന്‍ അവനു പിറകെ ഓടിച്ചെന്നു.

അവനെന്നൊട് കന്നടത്തില്‍ എന്തോക്കേയൊ ചോദിച്ചു.
“ഹൊഗു, ബേക്കു , *&^#@ “

ആ.... എനിക്കൊന്നും മനസ്സിലായില്ല.
ചെറിയൊരു ബലപ്രയോഗത്തിലൂടെ അവന്റെ കൈയ്യില്‍ നിന്നും ബാഗുവലിച്ചെടുക്കുമ്പൊള്‍ ഞാന്‍ പറഞ്ഞു.
“ഫ്രെണ്ടു വരുംഗു”....

ചുമ്മാ....
നമ്മളെത്തിരക്കിയാര് വരാന്‍...
ഈ ആഴ്ചകളില്‍ ഒരു ദിവസം വരുമെന്നേ ഉണ്ണിയോടു പോലും പറഞ്ഞിട്ടുള്ളൂ.

ബസ്സു പോയതോടെ സ്ഥലം പെട്ടന്നു കാലിയായി.
കുറേ അപ്പുറം നിറുത്തിയ വേറൊരു എയര്‍ബസ്സ് ലക്ഷ്യമാക്കി ഓട്ടൊകളെല്ലാം വാലുവാലെ പോയി.

എന്താ തണുപ്പ്...
ഏകനായി കുറേ നേരം രുക്മയുടെ ഓഫീസിനു മുന്നില്‍ നിന്നു.
എയര്‍ബസ്സുകള്‍ നിരനിരയായി കടന്നു പൊയ്‌ക്കൊണ്ടിരുന്നു..
kpn, sharma, shyama, .. എണ്ണിയാലൊടുങ്ങാത്ത വിധം അങ്ങനെ..
ഇടക്കെപ്പോഴോ ഒന്നോ രണ്ടോ വണ്ടി ഞാന്‍ നിന്നതിനടുത്തും നിറുത്തി.
അപ്പോഴെല്ലാം ഓട്ടോകള്‍ കൂട്ടത്തോടെ വരികയും, ആള്‍ക്കാരേയും റാഞ്ചിയെടുത്തു പായുകയും ചെയ്തു.

‘ഇങ്ങനെ നിന്നാല്‍ പറ്റത്തില്ലല്ലോ..എന്താണേലും നടന്നു നോക്കാം”.
ഞാന്‍ വാച്ചില്‍ നോക്കി. സമയം 6 മണിയാകുന്നതേ ഉള്ളൂ.
ഇതിനകം കാണാതെ പഠിച്ചിരുന്നെങ്കിലും ഉണ്ണി വരച്ചു തന്ന റൂട്ട്മാപ്പ് ഞാന്‍ ഒരു വട്ടം കൂടി പോക്കറ്റില്‍ നിന്നും എടുത്ത് നിവര്‍ത്തി നോക്കി..
എന്നിട്ട് സില്‍ക്ക്ബോര്‍ഡ് ലക്ഷ്യമാക്കി മെല്ലേ നടന്നു.

“ ഹാവൂ കുളിരുന്നു..ഒരു കട്ടന്‍ കിട്ടിയിരുന്നേല്‍ ഉഷാറായേനേം.” ആരോട് പറയാന്‍..
മേലാകെ മൂടിപ്പുതച്ച് ഓരോ രൂപങ്ങള്‍ വഴിയേ പോകുന്നുണ്ടായിരുന്നെങ്കിലും വഴിചോദിക്കാന്‍ പറ്റിയ ആരേയും കണ്ടില്ല.
എന്തൊക്കെയോ കാട്ടുപള്ളകളും, തക്കാളിയും, മറ്റും കയറ്റി ഉന്തുവണ്ടികളുമായി വേറേ ചില കൂട്ടര്‍ റോഡ് നിറയെ..

നടന്നു വരുമ്പോള്‍ അതാ മലയാളത്തില് ഒരു ബോര്‍ഡ്.
“മഡിവാള അയ്യപ്പ ടെമ്പിള്‍”
“സ്വാമിയേ..കാത്തോണേ...” ഞാന്‍ അയ്യപ്പനെ തൊഴുതു യാത്ര തുടര്‍ന്നു.

കുറച്ചുകൂടി മുമ്പോട്ട് പോയപ്പൊള്‍ റോഡിനു ഇടതുവശത്തായി ഒരു ക്ഷേത്രം..
അതിനു മുമ്പില്‍ റോഡിലേക്ക് തിരിഞ്ഞു 2 , 3 ടാപ്പുകള്‍ !!
കാല്‍ കഴുകിയിട്ട് അമ്പലത്തില്‍ കയറാന്‍ വേണ്ടിയാവാം.
ടാപ്പുകള്‍ കണ്ടതും മനസ്സില്‍ ഐഡിയാ മുളപൊട്ടി.
‘ഇനി പല്ലു തേച്ചിട്ടാവാം യാത്ര..”

ഞാന്‍ റോഡ് ക്രോസ്സ് ചെയ്ത് ടാപ്പിനടുത്തെത്തി.
ഭണ്ഡാരക്കെട്ട് റോഡരുകിലിട്ട് ,ബ്രഷും പേസ്‌റ്റുമെടുത്ത് ഞാന്‍ വിശാലമായി പല്ലു തേപ്പു തുടങ്ങി.
വെള്ളമെടുക്കാന്‍ കുടവുമായി വന്ന ഒരു സ്ത്രീ കന്നടത്തീല്‍ എന്തൊ പിറുപിറുത്തതല്ലാതെ( എന്നെ ചീത്തവിളിച്ചതാവാം) വേറെ കുഴപ്പമൊന്നുമുണ്ടായില്ല. വീണ്ടും നടപ്പ്.

അങ്ങനെ വരുമ്പോള്‍ അതാ..മഡിവാള പോലീസ് സ്‌റ്റേഷന്‍..
അതിന്റെ എതിര്‍വശത്ത് ഒരു മാടക്കടയില്‍ നിന്ന് നിറയെ ആള്‍ക്കാര്‍ ചായ കുടിക്കുന്നു. പോലീസ് സ്‌റ്റേഷനോടു ചേര്‍ന്ന വഴിയില്‍ നാട്ടുചന്തയാണെന്ന് തോന്നുന്നു. നിറയെ ആള്‍ക്കൂട്ടം.
“ഒരു ചായ കുടിച്ചു കളയാം” (കളയാനാണേല്‍ പിന്നെന്തിനാ കുടിക്കുന്നതല്ലേ..?)
ഞാനാ മാടക്കടയുടെ നേരെ നടന്നു.

മാടക്കടയോട് ചേര്‍ന്ന് ഒരു ടെലിഫോണ്‍ ബൂത്ത്. വീട്ടിലൊന്ന് വിളിച്ചേക്കാം.
‘വണ്‍ ടീ”..
ഞാന്‍ ചായയ്ക്ക് ഓര്‍ഡര്‍ കൊടുത്തിട്ട് ബൂത്തിലേക്ക് നീങ്ങി.
അമ്മയെ വിളിച്ച് ഞാന്‍ ബാംഗ്ലൂരില്‍ എത്തിയെന്നും, ഉണ്ണിയുടെ വീട്ടിലേക്കുള്ള വഴിയിലാണെന്നും അറിയിച്ചു.
എന്നിട്ട് പോയി ചായ വാങ്ങി.

“ഭഗവാനേ ഇതെന്തിന് മൂക്കിലൊഴിക്കാനോ..” ഒരു കൊച്ചുമൂട്ട ഗ്ലാസ്സില്‍ ഇത്തിരി ചായ.
“വീപ്പക്കുറ്റി പോലത്തെ ഒരു മുട്ടന്‍ കപ്പു നിറയെ ചായ കുടിച്ചോണ്ടിരുന്നവനാ..ങാ..ഗതി കെട്ടാല്‍...”
അപ്പോഴതാ വേറൊരുത്തന്‍..
‘ബൈ 2 ടീ ഒന്തു..”
“ശ്ശടാ..മീടുക്കാ...ഇതിനും ബൈ ടുവോ..”
ഞാനമ്പരന്നു നില്‍ക്കെ കടക്കാരന്‍ അയാള്‍ക്ക് ചായ പകുത്ത് 2 ഗ്ലാസ്സിലായി നല്‍കി..
( ബൈ 3, 2 ബൈ 3 അങ്ങനെ ഏതളവിലും ചായ കിട്ടുമെന്ന് പിന്നീട് മനസ്സിലായി..)

കടയില്‍ കണ്ട ഒരു തമിഴനോട് വഴി ചോദിച്ചു..
എനിക്ക് തമിഴ് അറിയില്ലെങ്കില്‍ കൂടി അയാള്‍ പറഞ്ഞ ചിലതെല്ലാം മനസ്സിലായി..

അയാള്‍ പറഞ്ഞതിന് പ്രകാരം നേരേ നോക്കിയാല്‍ കാണുന്ന ആ വിപ്രൊ ഓഫീസിനു (അന്ന് വിപ്രോക്ക് സില്‍ക്ക് ബോര്‍ഡിനു മുമ്പിലേ ഒരു ഓഫീസേ ഉള്ളൂ. ഫ്ലൈഓവറൊന്നും ഉണ്ടായിട്ടില്ല.) മുമ്പിലെ ജംഗ്ഷണ്‍ ആണ് സില്‍ക്ക് ബോര്‍ഡ് ജംഗ്‌ഷന്‍!. അവിടെ നിന്നും വലത്തേക്ക് പോയാല്‍ BTM എത്തും. BTM -പോകാന്‍ ബസ്സുകള്‍ കുറവാണ്. പക്ഷേ പോലീസ് സ്‌റ്റേഷനു മുമ്പില്‍ നിന്നും ക്യാബുകള്‍ കിട്ടും.

ക്യാബ് എങ്കില്‍ ക്യാബ് .
പോവുക തന്നെ..

ഞാന്‍ പോലീസ് സ്‌റ്റേഷനു മുമ്പിലേക്ക് നടന്നു.
ചെന്നപ്പോള്‍ എന്താ സംഭവം..
ക്യാബെന്ന് പറഞ്ഞാല്‍ നമ്മുടേ പഴയ മലയാളം പടത്തില്‍ വില്ലന്മാര്‍ വരുന്ന വണ്ടിയാണ്.
ടെമ്പോ വാന്‍!!
നിറുത്തിയിട്ടിരിക്കുന്ന 2, 3 വാന്‍ നിറയെ ആള്‍ക്കാര്‍ തിങ്ങിക്കൂടി കയറിയിട്ടുണ്ട്. കൂടാതേ ചീരക്കെട്ടുകള്‍ നിറച്ച കുട്ടകളും..
ഇരിക്കാന്‍ കിട്ടിയാല്‍ കുഴപ്പമില്ല...
നില്‍ക്കുന്നവര്‍ക്ക് നിവര്‍ന്ന് നില്‍ക്കാനുള്ള സ്ഥലമില്ല.
ആള്‍ക്കാര്‍ ‘റ” പോലെ വളഞ്ഞു നില്‍ക്കുന്നു.
വാതില്‍ക്കല്‍ നില്‍ക്കുന്ന കിളി എന്നെ കൈകാട്ടി വിളിക്കുന്നുണ്ട്..
“പിന്നേ... കയറി “റ” പോലെ വളഞ്ഞു നില്‍ക്കാനല്ലേ? എന്റെ പട്ടി കേറും. “
ഞാന്‍ സീറ്റുകള്‍ കാലിയുള്ള വാന്‍ വരാനായി അവിടെ കാത്തു നിന്നു.

(തുടരും.)

12 comments:

നിഷ said...

രസമാകുന്നുണ്ട്.
:)

പേര്.. പേരക്ക!! said...

“ബേങ്കളൂരി“ലെക്ക് സ്വാഗതം!! ഇനി എന്തൊക്കെ കാണാനിരിക്കുന്നു???

സു | Su said...

ഉണ്ടാപ്രി ബാംഗ്ലൂരെത്തിയോ? :)

തക്കുടു said...

ഉണ്ടാപ്രി,

എന്നെ നൊസ്റ്റാള്‍ജി അടിപ്പിച്ചു ഒരു വഴിയാക്കും :)

തുടര്‍ന്നെഴുതു....

എന്റെ ഉപാസന said...

ബാംഗ്ലൂരിലേക്ക് സ്വാഗതം...
നമ്മ ബാംഗ്ലൂര്‍...
:)
സുനില്‍

സുനീഷ് തോമസ് / SUNISH THOMAS said...

അച്ചായോ... ആ‍ഞ്ഞു തകര്‍ക്കുവാണല്ലോ....
പോന്നോട്ടെ....

:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആളിവിടൊക്കെ ഉണ്ടായിരുന്നാ 2000ത്തിലു ചാത്തനുമിവിടൊക്കെ കറങ്ങി നടന്നു പോയതാ.. ചിലപ്പോള്‍ കണ്ടിട്ടുണ്ടാവും :)

ഓടോ: സാല്‍ജോ അഡ്രസ് എവിടെ ചോദിച്ചു?

സഹയാത്രികന്‍ said...

അപ്പൊ ഇനി അടുത്ത ഭാഗം കാണാന്‍ വരാം...

അയ്യൊ ...പറയാന്‍ മറന്നു... ഇതു വരെ രസായിട്ടുണ്ട്ട്ടോ...

SAJAN | സാജന്‍ said...

ഉണ്ടാപ്രി, നല്ല രസമുണ്ട് എഴുത്ത്:)

സുനീഷ് തോമസ് / SUNISH THOMAS said...

അടുത്ത ഭാഗം എവിടെ? ബാംഗ്ളൂരില്‍നിന്നു നാട്ടുകാരു തല്ലിയോടിച്ച കഥ അവസാനത്തേക്കു പറഞ്ഞാല്‍ മതി കെട്ടോ...!!

ഉണ്ടാപ്രി said...

കമന്റിട്ട എല്ലാ പുലിക്കുട്ടികള്‍ക്കും നന്ദി..
എല്ലാവരുടേയും “നൊമ്മ ബംങ്കളൂര്‍ കഥകള്‍ “ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു.
അബദ്ധങ്ങള്‍ക്ക് എന്തെങ്കിലും സാമ്യം കാണാതിരിക്കില്ല..

വിനുവേട്ടന്‍ said...

ഹോ... ഈ ഉണ്ടാപ്രിയെയാണല്ലോ ഞാനിത്ര നാളും വായിക്കാതെ പോയത്...

നിന്നോ നിന്നോ... കാത്തു നിന്നോ... ഇപ്പ വരും ഇരിക്കാൻ സ്ഥലമുള്ള ക്യാബ്... :)

നീങ്ങട്ടെ അടുത്ത ലക്കത്തിലേക്ക്...