Monday, September 10, 2007

ബേങ്കളൂരിലെ ആദ്യത്തെ വീട്ടിലേക്ക്

കാബ് വരുന്നതും നോക്കി കുറേ നേരം അവിടെ നിന്നു.
വെറുതേ നിന്നു കാലു കഴച്ചതു മിച്ചം.

ഹേയ്..അല്ല..
വേറേ വാനുകളൊന്നും വരാതിരുന്നതു കൊണ്ടല്ല...

വന്നവന്മാര്‍ ഒക്കെ..
‘ബൊമ്മനഹള്ളി, ബൊമ്മസാന്ദ്രാ..” എന്നു മാത്രം വിളിച്ചു കൂവിക്കൊണ്ടിരുന്നു.
ഒരെണ്ണം പോലും BTM പോണതില്ല.

ഹും..ബാംഗ്ലൂരില്‍ ചെന്നാല്‍ ഓരോ സാധനങ്ങള്‍ക്കും ഓരോ സ്‌ട്രീറ്റാണെന്ന് കേട്ടിരുന്നു.
അതായത് കോടാലി വില്‍ക്കുന്ന കടകളെല്ലാം ഒരു റോഡില്‍... (അതേത് റോഡ് ?)
പിച്ചാത്തിക്കടകള്‍ വേറൊരു റോഡില്‍..

ഈ ‘ബൊമ്മ’കളൊക്കെ വില്‍ക്കുന്ന സ്ഥലമായിരിക്കും ബൊമ്മനഹള്ളിയും ബൊമ്മസാന്ദ്രയുമൊക്കെ.. ഞാന്‍ മനസ്സില്‍ വിചാരിച്ചു.

മൂടല്‍മഞ്ഞു പുതപ്പിട്ട സില്‍ക്ക്ബോര്‍ഡ് ജംഗ്‌ഷന്‍ നോക്കിയാല്‍ കാണാവുന്ന ദൂരത്താണ്.
ഞാന്‍ ഉണ്ണീ തന്ന റൂട്ട് മാപ്പ് ഒരിക്കല്‍ കൂടി വിടര്‍ത്തി...

വേണമെങ്കില്‍ നടക്കാവുന്ന ദൂരമേയുള്ളൂ എന്നാണല്ലോ ഇഷ്‌ടന്‍ പറഞ്ഞിരിക്കുന്നത്.
നടക്കുക തന്നേ..
കോച്ചി വിറക്കുന്ന ഈ തണുപ്പത്ത് ഇത്തിരി ചൂടും കിട്ടും..
ഭണ്ഡാരക്കെട്ടും തൂക്കി ഞാന്‍ നടപ്പു തുടങ്ങി..

സില്‍ക്ക് ബോര്‍ഡില്‍ നിന്നും വലത്തേക്ക്..
ഇത്തിരി കേറ്റമാണ്..എങ്കിലും വലിയ കുഴപ്പമില്ല.
അല്ലേലും DYFI -യുടെ കാല്‍നടജാഥയുമായി,
പാലായിലേയും പരിസരപ്രദേശങ്ങളിലേയും കുന്നും,മലയുമൊക്കെ കയറി നടന്ന എനിക്ക്,
ഈ കേറ്റമൊക്കെ ഒരു കേറ്റമാണോ...
ചുമ്മാ ടോപ്പ് ഗിയറില്‍ നട നട...

BTM ബസ് സ്‌റ്റാന്‍ഡ് കണ്ടു..പിന്നേം കയറ്റം..
കുന്നിനു മുകളിലെത്തിയപ്പോ നാലും കൂടിയ ജംഗ്‌ഷനില്‍ ബോര്‍ഡ് കണ്ടു..
ഇടത്തേക്കുള്ള റോഡില്‍...

“ഉഡുപ്പി റെസ്‌റ്റൊറന്റ്’
(അന്ന് ആ റോഡിലുള്ള ആദ്യത്തെക്കടയാണ് ഉഡുപ്പി..ഇപ്പൊ എത്ര മാറ്റം അവിടൊക്കെ..)

അങ്ങനെ 2nd സ്‌റ്റേജ് കണ്ടു പിടിച്ചു. 6th main-ല്‍ തന്നാണ് ഉഡുപ്പി. ഇനി 6th cross കണ്ടുപിടിക്കണം.

ഹോട്ടലിലേക്ക് ഒന്നു പാളി നോക്കി. സംഭവം വെജിറ്റേറിയന്‍ ആണ്..
പൊറോട്ടയും ബീഫ് ഫ്രൈയും കിട്ടില്ല..
ങാ..വല്ലപ്പൊഴും വന്ന് മസാലദോശയും, നെയ്‌റോസ്‌റ്റും അടിക്കാം.

ഞാന്‍ മുമ്പൊട്ട് നടന്നു...
നല്ല മനോഹരമായ റോഡ്..

1st cross കണ്ടു, 2nd കണ്ടില്ല...പിന്നെ 3rd cross , 4th cross,
പിന്നെ 7th cross !!
കര്‍ത്താവേ.. ചുറ്റിയോ..?
6th മിസ്സായാ..
ഇത്തിരി കൂടി നടന്നു നോക്കാം.

അതാ വരുന്നു 5th cross, പിന്നെ 5th -A cross..
പിന്നെ..നമ്മുടെ 6th.

അതിനു എതിര്‍വശത്ത് അടയാളം പറഞ്ഞിരുന്ന പോലെ ‘അയ്യങ്കാര്‍ ബേക്കറി’.
6th cross നല്ല വ്ര്‌ത്തിയുള്ള റോഡാണ്..

ഇടതു വശത്ത് ഒരു കൊച്ചു കളിസ്ഥലം..
കുറേ കുട്ടികള്‍ അവിടെ പന്ത് തട്ടിക്കളിക്കുന്നു.
സായിപ്പുകുട്ടികളാണെന്ന് തോന്നുന്നു..
നല്ല സുന്ദരക്കുട്ടന്മാര്‍..

അതിനു പിന്നില്‍ ഒരു പാര്‍ക്കിന്റെ പണി ആരംഭിച്ചിരിക്കുന്നു.
തല്‍ക്കാലം കുറേ സിമന്റ് ബഞ്ചുകളും, കാട്ടുപള്ളകളും, മരങ്ങളും മാത്രമേ ഉള്ളൂ....

വലതുവശത്തായി നിരനിരയായി മുട്ടിമുട്ടി നില്‍ക്കുന്ന വീടുകള്‍..
ഇനി ഇതില്‍ നിന്നും #23 കണ്ടു പിടിക്കണം.

അങ്ങനെ നോക്കി നടന്ന് അതു ഞാന്‍ കണ്ടെത്തി..
#23..
ബാംഗ്ലൂരിലെ എന്റെ ആദ്യത്തെ വീട്!!

3സൊപ്പുപെട്ടികള്‍ ഒന്നിനു മുകളില്‍ ഒന്നായി വച്ച പോലെ..
3 നിലയുള്ള ഒരു കൊച്ചുകെട്ടിടം.
ഒരുകുഞ്ഞുമുറിയുടെ വീതിയേ കാണാനുള്ളൂ.
2 അടി വീതിയുള്ള ചെറിയ പോര്‍ച്ചില്‍ തിക്കിനിറച്ച് നാലഞ്ചു ബൈക്കുകള്‍ വച്ചിരിക്കുന്നു.
അതിലൊന്ന് ഉണ്ണിയുടെ ഹോണ്ടാ സ്ലീക്കാണെന്ന് ഞാന്‍ കണ്ടെത്തി..
ഈ ബൈക്കുകള്‍ക്കിടയിലൂടെ വാതിലിനടുത്തെത്താന്‍ പ്രയാസം തന്നെ..


ആദ്യത്തെ രണ്ടുനില തങ്ങളുടേതാണന്നും,
മുകളിലത്തെ നിലയിലാണ്‌ എല്ലാവരും ഉറങ്ങുന്നതെന്നും
ഉണ്ണി പറഞ്ഞിരുന്നു.

ഞാന്‍ മുകളിലേക്ക് നോക്കി..
മുകളിലേക്ക് കയറാന്‍ പുറത്ത് കൂടെ സ്‌റ്റെപ്പുകള്‍ ഉണ്ട്.
മുകളിലേ ബാല്‍ക്കണിയില്‍ നിറയെ തുണീകള്‍ ഉണങ്ങാനിട്ടിരിക്കുന്നു.
കൂടുതലും അണ്ടര്‍വെയറുകള്‍ ആണ്.

ബാല്‍ക്കണിയിലേക്ക് തുറക്കുന്ന ഒരു വാതില്‍ ഉണ്ട്.
ഞാന്‍ മെല്ലേ സ്‌റ്റെപ്പുകള്‍ കയറി മുകളിലെത്തി..
തുണികള്‍ വകഞ്ഞു മാറ്റി വാതില്‍ക്കല്‍ എത്തി.

വാതിലില്‍ മാന്യമായി 3 പ്രാവശ്യം മുട്ടി ഞാന്‍ കാത്ത് നിന്നു.
ഇല്ല.. അനക്കമൊന്നുമില്ല..

5 മിനിറ്റിനു ശേഷം ഞാന്‍ പിന്നെയും മുട്ടി..
ഇത്തിരി കൂടി ശക്തിയില്‍...
അതിനും പ്രതികരണമൊന്നുമുണ്ടായില്ല.!

പിന്നെയും കൂടുതല്‍ കൂടുതല്‍ ശക്തിയില്‍ ക്ര്‌ത്യമായ ഇടവേളകളില്‍ ഞാന്‍ വാതിലില്‍ തട്ടി.
ഒടുവില്‍...
ഒടുവില്‍ ആരോ വാതിലിനരികിലേക്ക് നടന്നടുക്കുന്ന സ്വരം ഞാന്‍ കേട്ടു.
പിന്നെ കുറ്റിയെടുക്കുന്നതിന്റേയും..

ആരാവും വാതില്‍ തുറക്കുക എന്ന ആകാംഷയില്‍..
ഒരു “ഗുഡ് മോര്‍ണിംഗ് “ പറയാന്‍ റെഡിയായി ഞാന്‍ നിന്നു.

(തുടരും)

16 comments:

സഹയാത്രികന്‍ said...

ഉണ്ടാപ്രി നടയില്‍ സഹയാത്രികന്‍ വക തേങ്ങ ഒന്ന്.... ഠേ..!

:)

Sreejith said...

12 വര്‍ഷങള്‍ക്കു മുന്‍ബ് ബാംഗലൂരിലേക്കു ജോലിയന്ന്വേഷിച്ചു വന്ന ദിവസങ്ങള്‍ ഓര്‍മ്മ വന്നു ഈ പോസ്റ്റ് വായിച്ചപ്പോള്‍....

പേര്.. പേരക്ക!! said...

സസ് പെന്‍സില്‍ നിര്‍ത്താതെ ഒന്നു ബേഗ ഹേളീ, ഉണ്ടാപ്രീ..

ചന്ദ്രകാന്തം said...

'..മുട്ടുവിന്‍, തുറക്കപ്പെടും..' എന്നത്‌, ഉണ്ടാപ്രിയിലൂടെ ഒന്നുകൂടി തെളിയിയ്ക്കപ്പെടുന്നു..
അടുത്തത്‌ വേഗം പോസ്റ്റൂ.. ആരായാലും, എത്രനേരം..ന്ന്‌ വെച്ചിട്ടാ ഒരു കൊളുത്തും ഊരിപ്പിടിച്ച്‌ നില്‍ക്കാ...

സു | Su said...

അങ്ങനെ ഒരു രൂപം, വാതില്‍ തുറന്ന്, കൈ നീട്ടി നിന്നു. പാല്‍പ്പായ്ക്കറ്റ് വാങ്ങാന്‍. അല്ലേ? ;)

ഉണ്ടാപ്രി said...

അറിവില്ലാത്ത കാലത്ത് പല കുഴികളും ചെന്ന് പെട്ടിട്ടുണ്ട്. അതിനൊന്നാണ് DYFI-യും.
ആശയങ്ങളും, പ്രത്യയശാസ്ത്രമൊക്കേ താഴേതട്ടില്‍ മാത്രമേ ഉള്ളൂ എന്ന് മനസ്സിലാക്കിയ കാലത്ത് അതിനോടൊക്കെ വിടയും പറഞ്ഞു.
ഒരു മാന്യവായനക്കാരന്‍ DYFI-യെക്കുറിച്ച് ഇട്ട കമന്റിനെ മാനിക്കുന്നു. എങ്കിലും എനിക്കത് ഡിലീറ്റു ചെയ്യേണ്ടി വന്നു.ക്ഷമിക്കുക.

ശ്രീ said...

ഹ! ബാക്കി പറ മാഷേ...
:)

(സൂവേച്ചീ, കമന്റു കലക്കി)

ഉണ്ടാപ്രി said...

സസ്‌പെന്‍സ് ഒന്നൂല്ല കേട്ടൊ..
ഓര്‍മ്മയില്‍ നിന്നും ചികഞ്ഞെടുത്തെഴുതുന്നു..
സമയക്കുറവു മൂലം ഒറ്റയടിക്ക് തീര്‍ക്കാന്‍ പറ്റുന്നില്ല.
പറഞ്ഞ പോലെ സൂവേച്ചിയുടെ കമന്റ് സൂപ്പര്‍!!
അവിടെ പാല്‍ വാങ്ങുന്ന പതിവില്ലായിരുന്നു..
കട്ടനായിരുന്നു .കട്ടന്‍ !!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: മിക്കവാറും വീട് മാറിക്കാണും.. വാടക കൊടുക്കാത്തതിനാല്‍ അവരെ വാടക കുറഞ്ഞ മൂന്നാം നിലയിലേക്ക് തട്ടി എന്ന് വാതില്‍ തുറന്ന് വരുന്ന ആളു പറയും...

ഓടോ : സാല്‍ജോ...... മറുപടിയില്ലേ..
ഈ ശ്രീജിത്ത് നമ്മടെ മണ്ടത്തരം ഫേം അല്ല അല്ലേ? 12 വര്‍ഷം എന്നൊക്കെ കേട്ടപ്പോള്‍ പെട്ടന്നവന്റെ വയസ്സിനേം സംശയിച്ചു.

എന്റെ ഉപാസന said...

ഡിഫിയുടെ ജാഥക്ക് പോയിട്ടും വാതില്‍ തുറക്കാറായപ്പോ എന്താ ചെയ്യേണ്ടതെന്ന് ഉണ്ടന് മനസ്സിലായില്ലെ.

ഇങ്ക്വിലാബ് സിന്ദാബാദ്...
സ്വാതന്ത്രം, ജനാധി....
:)
ഉപാസന

ഓ. ടോ: പഠിച്ചതൊക്കെ മറന്നു അല്ലെ.

ശ്രീലാല്‍ said...

പോരട്ടെ അടുത്തത്..
ബാങ്ക്ളൂരിലെ മലയാളി സാന്നിധ്യത്ത്പ്പറ്റി പറഞ്ഞുകേട്ട ഒരു തമാശ ഓര്‍മ്മവരുന്നു ഉണ്ടാപ്രിയുടെ ബാങ്ക്ളൂര്‍ വിശേഷങ്ങള്‍ വായിച്ചപ്പോള്‍.

ആദ്യമായി ബാങ്ക്ളൂരില്‍ വന്നിറങ്ങിയ ഒരു മലയാളി ഒരു ബസ്സ് സ്റ്റോപ്പില്‍ ജയ നഗറിലേക്കുള്ള ബസ്സും നോക്കി നില്‍ക്കുകയായിരുന്നു. കന്നഡയിലുള്ള ബസ്സിന്റെ ബോര്‍ഡും നോക്കിയിരുന്നാല്‍ കാര്യം ശരിയാവില്ലെന്നു തോന്നിയ കക്ഷി അവിടെക്കണ്ട ഒരാളോട് ആകെ അറിയാവുന്ന കന്നഡ വാക്കു വെച്ച് ഇങനെ ചോദിച്ചു.

"ഈ ബസ്സു ജയനഗ്ഗര്‍ ഹോഗത്താ ?"

മറുപടി ഇങ്ങനെയായിരുന്നു.

"ഹോഗുമായിരിക്കും നമുക്കു കയറിനോക്കാം..."

:)

ഉണ്ടാപ്രി said...

ഹ ഹ. ശ്രീലാലേ..ഈക്കഥ അറിയാത്ത ബാഗ്ലൂര്‍ മലയാളീസ് ഒന്നൂല്ലാല്ലേ..സ്ഥലം മാത്രമേ മാറുന്നുള്ളൂ..ഞാന്‍ കേട്ട വെര്‍ഷനില്‍ മജസ്റ്റിക്കായിരുന്നു ജയനഗറിനു പകരം!

എല്ലാര്‍ക്കും നന്ദി!!
അത്യാവശ്യമായി നാട്ടില്‍ പോണു..
ബാക്കി ഭാഗങ്ങള്‍ തിരിച്ചു വന്നിട്ട്..

smitha adharsh said...

ഇത്ര നാളായിട്ടും ബാക്കിയെന്താ പറയാത്തെ?

വിനുവേട്ടന്‍ said...

സസ്പെൻസ്... ഒടുക്കത്തെ സസ്പെൻസ്...

SREEJITH NP said...

ങേ, ഇങ്ങിനെയൊക്കെ നടക്കുന്നുടോ ഇവിടെ.. ഞാന്‍ അറിഞ്ഞില്ലലോ. വിനുവേട്ടന്‍ പറഞ്ഞപ്പോഴാ അറിഞ്ഞത്.

ബാക്കി പെട്ടന്ന് പറ, എനിക്ക് ഇങ്ങിനെ കാത്തു നില്‍ക്കുന്നത് ഒന്നും ഇഷ്ടമല്ല.

ഇസാദ്‌ said...

അയ്യോ ഉണ്ടാപ്രീ , ബാക്കി ഇല്ലേ ? സസ്പെന്സ് സസ്പെന്സ് ...
ബാംഗ്ലൂര്‍ നൊസ്റ്റാള്‍ജിയ ഉണര്‍ത്തിക്കളഞ്ഞല്ലോ ഉണ്ടാപ്രീ ... ബാക്കികൂടി എഴുതുമോ ??