Wednesday, August 22, 2007

യാത്രയയപ്പ്‌

നാട്ടുകാരുടെ പൊന്നോമനയും കണ്ണിലുണ്ണിയുമൊന്നുമല്ലാതിരുന്നതിനാല്‍ യാത്രയയപ്പുസമ്മേളനം, കെട്ടിപ്പിടുത്തം, ചുബനം തുടങ്ങിയ കലാപരിപാടികള്‍ ഒന്നും ഉണ്ടായിരുന്നില്ല.

നോക്കെത്താ ദൂരത്ത്‌ പരന്നു കിടക്കുന്ന വയലിലേക്കിറങ്ങുന്ന ഇടവഴിമുക്കില്‍...
പുലരിമഞ്ഞുതുള്ളി ഇറ്റു വീഴുന്നൊരു റോസാപുഷ്പം കണക്കെ നിറഞ്ഞ കണ്ണുമായി...
ചുണ്ടില്‍ കൃത്രിമമായി വരുത്താന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട ചിരിയോടെ...

"സൂക്ഷിച്ച്‌ പോണേ..ചെന്ന ഉടനേ വിളിക്കണം, മുടങ്ങാതെ കത്തിടണം, ഞാന്‍ കാത്തിരിക്കും"
എന്ന് വിതുമ്പുന്ന അധരത്താല്‍ മന്ത്രിച്ച പ്രണയിനിയുടെ കൈകള്‍ കോര്‍ത്തുപിടിച്ചു.

"മണ്ടിപ്പെണ്ണേ..സന്തോഷത്തോടെ എന്നെ യാത്രയയക്കൂ"
എന്നവളുടെ കാതില്‍ മൊഴിഞ്ഞ്‌....

പെട്ടന്നുണ്ടായ വികാരാവേശത്തില്‍ അവളെ മാറോടണക്കാന്‍ തുടങ്ങവേ ദൂരെ നിന്നാരോ നടന്നടുക്കുന്നത്‌ കണ്ടതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു.

"അപ്പോ എല്ലാം പറഞ്ഞപോലെ"
എന്ന് കണ്ണുകളാല്‍ യാത്ര ചൊല്ലി.

കൈകള്‍ വീശി യാത്രയയ്ക്കുന്ന അവളെ റോഡെത്തുവോളം തിരിഞ്ഞു തിരിഞ്ഞു നോക്കി.

ഓ പിന്നേ..ഇതെന്താ മുട്ടത്തുവര്‍ക്കിയുടെ പൈങ്കിളി നോവലോ..
പ്രണയിനി പോലും..
ഇങ്ങനെത്തെ സീനൊക്കെ സിനിമയിലല്ലേ ഉള്ളൂ മാഷേ...
എന്നാലും വെറുതേ ഒന്നാശിച്ചു പോയീ...
അങ്ങനെ ഒരു വാനരി(?)യും ഇല്ലാതിരുന്നതിനാല്‍ ആഗ്രഹങ്ങള്‍ അങ്ങനെ തന്നെ ശേഷിച്ചു..

അഴീക്കോട്‌ സാറ്‌ പറഞ്ഞതു പോലെ
"ആഗ്രഹങ്ങള്‍ കുതിരകളായിരുന്നെങ്കില്‍, യാചകന്മാര്‍ കുതിരസവാരി ചെയ്തേനേ.."
ഇക്കാര്യത്തില്‍ വെറുമൊരു യാചകനായി കുതിരപ്പുറത്ത്‌ കറങ്ങാനാണ്‌ എന്റെ വിധി..

അതു പോട്ടെ..

ഒരു ബാഗില്‍ കൊള്ളുന്നത്രയും ഡ്രസ്സ്‌ കുത്തിനിറച്ച്‌( ഒരു ബാഗില്‍ കൊള്ളാവുന്നതില്‍ കൂടുതല്‍ ഡ്രസ്സ്‌ ഒന്നും എനിക്കില്ലാരുന്നെങ്കില്‍ കൂടി..), സോപ്പ്‌, ചീപ്പ്‌, തോര്‍ത്ത്‌, അച്ചാര്‍ തുടങ്ങിയ കിടുപിടീസുമായി ഞാന്‍ വീട്ടില്‍ നിന്നിറങ്ങി..

ജനിച്ചതില്‍ പിന്നെ അദ്യമായാണ്‌ ഇത്രയും ദൂരേയ്കൊരു യാത്ര..
വീട്ടില്‍ നിന്നും വിട്ടു നില്‍ക്കുന്നതും ആദ്യമായാണ്‌.
എവിടെപ്പോയാലും അത്താഴത്തിനു "ചട്ടിക്കെണ്ണം കൊടുക്കുന്ന സമയത്ത്‌" വീട്ടിലെത്തുന്നതാ. മനസ്സില്‍ എന്തോ ഒരു വിങ്ങല്‍.
"പോയി നന്നായി വാ മോനേ" എന്ന് പറഞ്ഞപ്പോള്‍ അമ്മയുടെ ചുണ്ടുകള്‍ വിതുമ്പിയോ?..
"എന്നാ നോക്കാനാടാ..നീ കൂളായിട്ടു പോയി വാടാ" എന്ന്‌ ധൈര്യം പകര്‍ന്ന പെങ്ങളുടേയും ...

യാത്രയാക്കാന്‍ അധികം ആരും ഉണ്ടായിരുന്നില്ല.
കുട്ടായി, പിന്നെ പോളിയിലുണ്ടായിരുന്ന രണ്ടാത്മാര്‍ത്ഥ സുഹൃത്തുക്കളും..(പരേതന്‍, മോന്‍).

അങ്ങനെ ശകടത്തില്‍ കയറിപ്പറ്റി..
ഈ സാധനം വീടിനു മുമ്പില്‍ കൂടി പാഞ്ഞു പോകുന്നകാണുമ്പോള്‍ എന്തൊരാരാധന ആയിരുന്നു.
വണ്ടിയിലെ ചെത്തുപെണ്ണുങ്ങളെ കാണാന്‍ വഴിവക്കില്‍ കൂടിയിരുന്ന് വണ്ടിയിലേക്ക്‌ തുറിച്ച്‌ നോക്കിയിരുന്ന കാലം വളരെ അകലെയല്ല.
ചാകുന്നതിനു മുമ്പ്‌ ഒരിക്കലെങ്കിലും ഇതില്‍ കയറിപ്പറ്റാന്‍ സാധിക്കുമെന്ന് കരുതിയതല്ല..

വണ്ടി പാലാ വിട്ടു..
സുഹൃത്തുക്കള്‍ കൈവീശീ യാത്രാമൊഴി ചൊല്ലി...
വണ്ടി വീടിനു മുമ്പില്‍ കൂടിയാണ്‌ പോകേണ്ടത്‌..
വീടിന്റെ വശം നോക്കി ആളൊഴിഞ്ഞ സൈഡ്‌ സീറ്റില്‍ ഞാനിരുന്നു.
ദാ...ന്നു പറയുന്ന സമയം കൊണ്ട്‌ വണ്ടി വീടിനു മുന്‍പില്‍ എത്തി..

ഞാന്‍ കൈ പുറത്തേക്ക്‌ വീശി.
വീടിന്റെ നടയില്‍ അമ്മയും പെങ്ങളും കൈവീശിക്കാണിക്കുന്നു.
ചെക്കന്‍ ബാഗ്ലൂരിനു പോണതിനു മുമ്പെത്താനായി ഓടിപ്പാഞ്ഞ്‌ വൈകിയെത്തിയ അമ്മാവന്‍ മുറ്റത്തും..

നിമിഷാര്‍ദ്ധത്തില്‍ ആ കാഴ്ച മാഞ്ഞു.അവര്‍ക്കെന്നെ ലൊക്കേറ്റ്‌ ചെയ്യാന്‍ പറ്റിയോ ആവോ..
"ഒന്ന്‌ സ്ലോ ചെയ്യേടേ ഞാനൊന്ന് റ്റാറ്റാ കൊടുക്കട്ടേ"
എന്ന് പറയണമെന്നുണ്ടായിരുന്നു.
എനിക്കറിയാന്‍ മേലാത്ത ഭാഷയില്‍ എന്തൊക്കയോ പറഞ്ഞ്‌ ചിരിക്കുന്ന ഡ്രൈവര്‍ന്മാരോട്‌ ഞാനെന്തു പറയാന്‍.

അര മണിക്കൂറിനുള്ളില്‍ വണ്ടി തൊടുപുഴ എത്തി.
അവിടെ ഇത്തിരി താമസമുണ്ടെന്ന് മനസ്സിലാക്കിയ ഞാന്‍ പുറത്തിറങ്ങി വീട്ടിലേക്ക്‌ വിളിച്ചു.
"എന്നെ കണ്ടായിരുന്നോ..."
"നീയേതാന്ന് നോക്കി വന്നപ്പോഴേക്കും വണ്ടി കടന്ന് പോയി മോനേ..എന്നാല്‍ ശരി വച്ചോ..അവിടെ എത്തീട്ട്‌ വിളിച്ചാല്‍ മതി"

പുറപ്പെടാറായപ്പോഴേക്കും വണ്ടി ഏതാണ്ട്‌ ഫുള്‍ ആയി..
എല്ലാം ഒരുമാതിരി കിടു ടീമ്‌സ്‌.
മിക്കവരും ആംഗലേയത്തിലാണ്‌ സംസാരം..
കണ്ടാല്‍ തന്നെ അറിയാം എല്ലാം നല്ല ജിക്കിലിയുള്ള വീട്ടിലെ ആള്‍ക്കാര്‍...
നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ കുത്തരി ടീമ്‌സ്‌.

എനിക്കാണേല്‍ സായിപ്പിന്റെ ഭാഷ അത്രക്കങ്ങാട്ട്‌ വശവുമില്ല.
ആരെങ്കിലും എന്തേലും ചോദിച്ചാല്‍ പറയേണ്ട മറുപടികളൊക്കെ മനസ്സില്‍ പലവട്ടം ഉരുവിട്ടു നോക്കി..
എന്തൊക്കെയോ തകരാറുണ്ട്‌..എന്നാലും ഒപ്പിക്കാം.
എങ്കിലും കൂടുതല്‍ റിസ്ക്‌ ഒഴിവാക്കാന്‍ വണ്ടി പുറപ്പെടുന്നതിനു തൊട്ടു മുന്‍പ്‌ മാത്രമേ ഞാന്‍ കേറിയൊള്ളൂ..
തൊട്ടടുത്തിരിക്കുന്നവനെ ഇരിക്കുന്നതിനു മുമ്പ്‌ ഒന്ന് പാളി നോക്കി.
വല്ല സായിപ്പ്‌ കുഞ്ഞുമാണോ എന്നറിയേണ്ടേ..
കണ്ടിട്ട്‌ വലിയ കുഴപ്പമില്ല..നാടന്റെ ലക്ഷണമൊക്കെയുണ്ട്‌..
എന്നാലും കുഴപ്പങ്ങളൊഴിവാക്കാന്‍ ഉറങ്ങുന്ന മാതിരി സീറ്റില്‍ ഇരുന്ന പാടേ ഞാന്‍ കണ്ണടച്ചു.
അറിയാതെ ഞാന്‍ മയക്കത്തിലേക്ക്‌ വഴുതിപ്പോയി.

ഒരു അഞ്ചുമിനുട്ട്‌ കഴിഞ്ഞ്‌ കാണും..
ചെവിക്കടുത്ത്‌ ആരോ ഉച്ചത്തില്‍ കൂവിയ പോലെ..
ഞാന്‍ ഞെട്ടിയെണീറ്റ്‌ ചുറ്റും നോക്കി...
പണ്ടാരം ഏതോ അലമ്പുവീഡിയോ വച്ചതിന്റെ ബഹളമാണ്‌.
വണ്ടിയൊക്കെ ഉഗ്രന്‍ ആണെങ്കിലും സ്പീക്കര്‍ അത്ര പോരാ..
മൊത്തത്തില്‍ ഒരു കൂക്കി വിളിപോലെയാണു കേള്‍ക്കുന്നത്‌..
നേരേ തലക്കുമുകളില്‍ ഓരോ സീറ്റിനും ഓരോന്ന്.
ഏതൊ ഗള്‍ഫ്‌ ട്രിപ്പിന്റെ കോമഡിക്കാസറ്റാണ്‌.

കോമഡികാണാനുള്ള മൂഡില്ലാതിരുന്നതിനാല്‍ കണ്ണടച്ചേക്കാമെന്നു വിചാരിച്ചപ്പോ പുറകില്‍ ഇരുന്നവന്‍ തോണ്ടി വിളിക്കുന്നു.
സീറ്റ്‌ താഴ്ത്തി വക്കണമത്രെ..
നോക്കിയപ്പോള്‍ മിക്കവാറും ആള്‍ക്കാര്‍ കിടന്നതിനൊക്കുമേ ഇരിക്കിലും എന്ന പോസിലാണ്‌.

സൈഡില്‍ കണ്ട ലിവര്‍ കേറിയപ്പോ തന്നെ നോട്ട്‌ ചെയ്തതാണ്‌.
ഏതാണ്ട്‌ ഈ ആവശ്യത്തിനാണെന്ന് മനസ്സിലാവുകയും ചെയ്തതാണ്‌.
ഇതിന്റെ ടെക്നിക്‌ ഒന്ന് നോക്കിവക്കണം എന്ന് അപ്പോള്‍ തന്നെ മനസ്സില്‍ ഉറപ്പിച്ചതാണേലും പിന്നെയക്കാര്യം വിട്ടു പോയി..
എന്താണേലും വലിയ കുണ്ടാമണ്ടിയൊന്നും ഇല്ലാതെ സംഭവം പിടികിട്ടി.
മെല്ലെയൊന്നു മയങ്ങി..

പിന്നെ എഴുന്നേല്‍ക്കുമ്പോള്‍ വണ്ടിയില്‍ നല്ല വെളിച്ചമുണ്ട്‌.
അടുത്തെങ്ങും ആരുമില്ല. പുറത്തേക്ക്‌ നോക്കി.
ചെറിയ ചാറ്റല്‍ മഴയുണ്ട്‌. വണ്ടി ഏതോ ഹോട്ടലിനു മുമ്പില്‍ നിറുത്തിയിട്ടിരിക്കുന്നു.
എന്തോ വലിയ വിശപ്പില്ല. കഴിപ്പ്‌ എന്താണേലും വേണ്ടന്നു വച്ചു.
വണ്ടിയില്‍ ചുമ്മാതിരിക്കുന്ന നേരത്ത്‌ കൊറിക്കുവാന്‍ അമ്മ തന്നു വിട്ട രണ്ട്‌ അമണ്ടന്‍ ഏത്തപ്പഴങ്ങള്‍ ബാഗിലുണ്ട്‌.
വിശക്കുവാണേല്‍ അതെടുത്തടിക്കാം.

വീട്ടിലേക്കൊന്നു വിളിക്കണം. ഞാന്‍ വണ്ടിയില്‍ നിന്നു പുറത്തേക്ക്‌ ഇറങ്ങി.
ഹോട്ടലിനു മുമ്പിലെ ഫോണ്‍ബൂത്തില്‍ നിന്നും വീട്ടിലേക്ക്‌ വിളിച്ചു.

പിന്നെ പരിസരനിരീക്ഷണം നടത്തി.
ഈയൊരു ഹോട്ടലല്ലാതെ പരിസരത്തൊന്നും വേറെയൊന്നും കണ്ടില്ല.
ഹോട്ടലിന്റെ എതിര്‍വശത്ത്‌ ഒരു കുരിശുപള്ളി കാണാനുണ്ട്‌..

ഏതോ പട്ടിക്കാട്‌ തന്നെ..ഞാന്‍ മനസ്സില്‍ പറഞ്ഞു.
കുരിശുപള്ളിയുടെ മുമ്പിലുള്ള ബോര്‍ഡ്‌ വായിച്ചപ്പോള്‍ അല്‍ഭുതം.
വലിയ അക്ഷരത്തില്‍ സ്ഥലപ്പേര്‍ എഴുതി വച്ചിരിക്കുന്നു.
"പട്ടിക്കാട്‌"!!

നിറുത്തിയിട്ടിരുന്ന വേറേം എയര്‍ബസ്സുകളിലെ (സ്ത്രീ)യാത്രക്കാരെ ശ്രദ്ധിച്ചു കൊണ്ട്‌ സമയം തള്ളി നീക്കി.
ബസ്സ്‌ പുറപ്പെടുന്നതിനു മുമ്പ്‌ കിളി പോലെ വാതില്‍ നിന്നവനോട്‌ ബാഗ്ലൂരിലെ ആദ്യത്തെ സ്റ്റോപ്പ്‌ എത്തുമ്പോല്‍ വിളിക്കണമെന്ന് മലയാളവും മുറിത്തമിഴും ചേര്‍ന്ന ഭാഷയില്‍ എങ്ങനെയോ പറഞ്ഞു മനസ്സിലാക്കി...

പിന്നെ മെല്ലെ സീറ്റിലേക്ക്‌ ചാഞ്ഞു..

ബാഗ്ലൂരിലെ ആദ്യത്തെ സ്റ്റോപ്പ്‌..
"സില്‍ക്ക്‌ ബോര്‍ഡ്‌.."
ഉണ്ണി പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഞാനാ സ്ഥലം ഭാവനയില്‍ കണ്ടു..

പിന്നെ മെല്ലെ മെല്ലെ ഉറക്കത്തിലേക്ക്‌ വഴുതി വീണു..
നിറയെ നല്ലതും ചീത്തയുമായ സ്വപ്നങ്ങള്‍ കണ്ട്‌ ഇടയ്കിടെ കണ്ണു തുറന്നു.
വായിലൂടെ ഒലിച്ചിറങ്ങിയ ഈത്ത തുടച്ച്‌ പിന്നെയും ഉറക്കം തുടര്‍ന്നു.

"മടിവാള രുക്‌മാ ഓഫീസേയ്‌.."
ഒരു കൂക്കിവിളി കേട്ടാണ്‌ പിന്നെ കണ്ണു തുറന്നത്‌.

തുടരും..

Tuesday, August 21, 2007

ബേങ്കളൂരിലേക്ക്‌

മൂന്ന് വര്‍ഷങ്ങള്‍ നീണ്ടു നിന്ന സംഭവബഹുലമായ പോളി-ടെക്‌നിക്‌ ജീവിതം അവസാനിച്ചു.
തിരിഞ്ഞു നോക്കുമ്പോള്‍ എല്ലാം ഒരു തമാശ പോലെ തോന്നുന്നു.
എനിക്കു ശരിക്കും വട്ടായിരുന്നോ ഈ വയസ്സനാം കാലത്ത്‌ വീണ്ടൂം പോളിയില്‍ പഠിക്കാന്‍?
പത്താം ക്ലാസ്സ്‌ കഴിഞ്ഞതേ ഞാനൊത്തിരി വാശി പിടിച്ചതാ പോളിയില്‍ ചേരാന്‍.
എവിടെ..?
വീട്ടുകാര്‍ പറഞ്ഞാല്‍ കേള്‍ക്കണ്ടേ..?
"ഞങ്ങള്‍ക്കോ പഠിക്കാന്‍ പറ്റിയില്ല..ഒരു ഡിഗ്രിയെടുത്തിട്ട്‌ നീ വേറേ വല്ലതും ആലോചിച്ചാല്‍ മതി..."
എന്റെ പത്തിയടങ്ങി..

പിന്നെ ഒരഞ്ചുകൊല്ലം സെന്റ്‌.തോമസ്സില്‍...
പക്ഷേ കൂടുതല്‍ സമയവും ചിലവഴിച്ചത്‌ കടപ്പാട്ടൂരുള്ള പാര്‍ട്ടി ഓഫീസില്‍.
അന്ന്‌ ആകെ എട്ടൊ, പത്തോ കടുത്ത സഖാക്കളേ കോളേജില്‍ ഉള്ളൂ...
എങ്കിലും ഉശിരേകുന്ന ഒരുപിടി ഓര്‍മ്മകള്‍ ഇന്നും...

അഞ്ചു കൊല്ലത്തിനു ശേഷം ഗണിതശാസ്ത്രത്തില്‍ ഒരു ബിരുദവുമായി കോളേജിന്റെ പടി ഇറങ്ങുമ്പോല്‍ ഇനി എന്ത്‌ എന്ന ചോദ്യമായിരുന്നു മനസ്സില്‍...
കൂട്ടുകാരില്‍ പകുതിയും തമിഴ്‌ നാട്ടിലെ ഏതൊക്കെയോ കോളേജുകളില്‍ MCA പഠിക്കാന്‍ തലേ വര്‍ഷമേ അച്ചാരം കൊടുത്തു സീറ്റ്‌ ഉറപ്പാക്കി കഴിഞ്ഞു..

എനിക്കെന്താണേലും വീട്‌ വിട്ടു മാറി നില്‍ക്കാന്‍ പറ്റിയ സാഹചര്യമല്ല..
ബിരുദാനന്തരബിരുദത്തിനു സെന്തോമസ്സില്‍ സീറ്റ്‌ കിട്ടാന്‍ ഒരു ചാന്‍സ്സുമില്ല.
പിന്നെ ഉള്ളത്‌ PGDCA തുടങ്ങിയ കമ്പ്യൂട്ടര്‍ കോഴ്സുകളാണ്‌.
എന്തോ ആ കാലത്ത്‌ കമ്പ്യൂട്ടറുകളോട്‌ അത്ര വലിയ മമത ഒന്നും ഉണ്ടായിരുന്നില്ല." "വരട്ടെ..എന്തെങ്കിലും ജോലി കിട്ടുമോയെന്നു നോക്കാം"

ബാങ്കിലെ ജോലി നല്ലതല്ലേ..?
അയലോക്കത്തെ സാറും, മകളും, മരുമോനും ബാങ്കിലാണ്‌ ജോലി..
എന്തു കാശാ അവര്‍ക്ക്‌..
എനിക്കും ബാങ്കില്‍ ഒരു ജോലി മതി..
വളര്‍ച്ചയുടെ പല കാലഘട്ടങ്ങളില്‍ മനസ്സില്‍ സൂക്ഷിച്ചിരുന്ന പോലീസ്‌ ഇന്‍സ്പെക്ടര്‍, ബസ്‌ കണ്ടക്ടര്‍, പൈ ലറ്റ്‌ ഇത്യാദി വേലകളെ നിഷ്കരുണം മൊഴിചൊല്ലി ഞാന്‍ പുതിയ തീരുമാനമെടുത്തു.

ബിഷപ്പ്‌ വയലില്‍ ലൈബ്രറി നടത്തുന്ന BSRB ട്രെയിനിഗിനു ഞാനും ചേര്‍ന്നു.
ആദ്യത്തെ ഒരാഴ്ച ഭയങ്കര ആവേശമായിരുന്നു...
എന്താ ആള്‍ക്കൂട്ടം....
മുക്കാലും സുന്ദരികളായ തരുണീമണികള്‍ ..
ഒത്തിരി പുതിയ കൂട്ടുകാര്‍..
ദിവസേന നടത്തുന്ന ടെസ്റ്റിലൊക്കെ വലിയ മോശമില്ലാത്ത മാര്‍ക്ക്‌ കിട്ടിയപ്പോള്‍ ബാങ്കിലേ ജോലി ഞാനുറപ്പിച്ചു.

അങ്ങനെയിരിക്കേയാണ്‌ അമ്മാവന്റെ മകനായ കുട്ടായി ഒരു ദിവസം വീട്ടില്‍ വരുന്നത്‌.
കക്ഷി ട്യൂഷന്‍സെന്റര്‍ കം പാരലല്‍ കോളേജ്‌ നടത്തുന്നു.
"എടാ നീ B.Sc കഴിഞ്ഞ്‌ ചുമ്മാ നില്‍ക്കുവല്ലേ..?"
"ബാങ്ക്‌ ടെസ്റ്റിന്റെ ട്രെയിനിംഗിനു പോണുണ്ട്‌.."
"എടാ അതു കാലത്തേ ഒരു മണിക്കൂറല്ലേ ഒള്ളൂ..നീയെന്റെ കൂടെ ചേര്‍ന്നോ.."
"അതു പിന്നെ. എനിക്കു പഠിപ്പിക്കാനൊന്നും വശമില്ല.."
"അതൊക്കെ ഉണ്ടാവും ..നീ നാളെ ഒരു നാലു മണിയാവുമ്പോള്‍ കോളേജിലേക്ക്‌ വാ"..

വീട്ടിലും വലിയ എതിര്‍പ്പില്ല.
ഒന്നുമല്ലെങ്കിലും വൈകുന്നേരങ്ങളില്‍ അടുത്തുള്ള സ്കൂള്‍ഗ്രൗണ്ടില്‍ പോയുള്ള ചെറുക്കന്റെ വോളിബോള്‍ കളിയും അതുകഴിഞ്ഞുള്ള ചര്‍ച്ചയും, അടിപിടിയും ഒന്നുമില്ലാതിരിക്കുമല്ലോ...

അങ്ങനെ പിറ്റേ ദിവസം അഞ്ചാറു കി.മീ ദൂരത്ത്‌ ഒരു നാട്ടുമ്പുറത്തുള്ള പാരലല്‍ കോളേജില്‍ ഞാനെത്തുന്നു.
സംഭവം മോശമില്ല...
കൗമാരക്കാരായ സുന്ദരുക്കുട്ടികള്‍ ധാരാളമായി ഉണ്ട്‌.
ഞാനാദ്യം പത്തിലെ കുട്ടികള്‍ക്കാണ്‌ ക്ലാസ്സ്‌ എടുക്കേണ്ടത്‌.
കണക്കിന്‌ ട്യൂഷന്‍..
8 പെണ്‍കുട്ടികളും 3 ചെക്കന്മാരും..

സൂപ്പര്‍ഫാസ്റ്റിന്റെ വേഗത്തില്‍ ഞാന്‍ പുറകിലേ ഗുരുവായൂരപ്പന്റെ പടത്തില്‍ നിന്ന് കണ്ണു പറിക്കാതെ ക്ലാസ്സ്‌ എടുത്തു തീര്‍ത്തു.
കുട്ടികള്‍ക്ക്‌ വല്ല ചക്കയും മനസ്സിലായോ ആവോ..
എന്തോ ചുള്ളന്മാരും, ചുള്ളത്തികളും അലമ്പൊന്നുമുണ്ടാക്കിയില്ല..

പിന്നിടുള്ള ദിവസങ്ങളില്‍ ക്ലാസ്സുകള്‍ ഉഷാറായി.
വെളുപ്പിനെ അഞ്ചു മണിക്കെഴുന്നേറ്റ്‌ 3 കിലോമീറ്റര്‍ നടന്ന് പാലായിലെത്തും.
കാരണം പാലാക്കുള്ള ആദ്യ ബസ്സ്‌ 6.30 നു ആണ്‌.
പാലായില്‍ നിന്നും 5.45 നു ബസ്സില്‍ കയറി 6.15 ആകുമ്പോള്‍ കോളേജില്‍ എത്തും.
6.30-ന്‌ കുട്ടികള്‍ എത്തും.
8 മണി വരെ പത്തിലെ കുട്ടികള്‍ക്ക്‌ ട്യൂഷന്‍..
പിന്നെ ജിജിമോന്റെ കടയില്‍ നിന്നും കാപ്പിയും കുടിച്ച്‌ എത്തുമ്പോഴേക്കും പത്തിലെ ഫെയില്‍ഡ്‌ ബാച്ച്‌ എത്തിയിരിക്കും.
അവര്‍ക്ക്‌ ഇടക്ക്‌ ഒരു മണിക്കൂര്‍ കണക്ക്‌ ക്ലാസ്സ്‌ എടുത്താല്‍ മതി.
വേറേ വിഷയങ്ങള്‍ കുട്ടായി പഠിപ്പിക്കും.
പ്രീഡിഗ്രി തോറ്റ രണ്ട്‌ പെണ്‍കുട്ടികള്‍ ഉണ്ട്‌..
അവര്‍ക്കു 10 മുതല്‍ 4 വരെ കണക്ക്‌ ക്ലാസ്സ്‌.
വൈകുന്നേരം പ്രീഡിഗ്രി പിള്ളേര്‍ക്ക്‌ ട്യൂഷന്‍...


8 മണിയോടെ വീട്ടീല്‍ വന്നാല്‍ പിന്നെയും പിടിപ്പതു ജോലി ഉണ്ടാവും..
പിള്ളാരുടെ മുമ്പില്‍ കൊച്ചാവാന്‍ പാടില്ലല്ലോ...
പിറ്റേന്നെടുക്കേണ്ട പാഠങ്ങള്‍ ഉറക്കമിളച്ചിരുന്ന് പടിച്ചു..

കണ്ടാല്‍ നാലാള്‍ക്കാര്‍ സാറേന്ന് വിളിക്കാന്‍ തുടങ്ങി..
പോരാത്തതിനു വല്ലപ്പോഴുമൊക്കെ ഇത്തിരി ചില്ലറയും കിട്ടാന്‍ തുടങ്ങി.
ആനന്ദലബ്ധിക്കിനിയെന്ത്‌ വേണം..?
എന്ത്‌ ബാങ്ക്‌..?
എന്ത്‌ ടെസ്റ്റ്‌..?
ടെയിനിംഗിനു പോക്കു നിറുത്തി...
വീട്ടീല്‍ ഇരുന്ന് തനിയേ പഠിക്കാനേ ഉള്ളൂ..
എന്താണേലും BSRB ടെസ്റ്റ്‌ എട്ടു നിലയില്‍ പൊട്ടി (അതിന്റെ പരിഭവം അമ്മയ്ക്കിന്നും ഉണ്ട്‌)..
എങ്കിലും ഞാന്‍ കൂട്ടാക്കിയില്ല..ഞാനിപ്പോ ഉത്തരവാദിത്വമുള്ള ഒരു സാറല്ലേ..

അങ്ങനെ ഒരു കൊല്ലം തെണ്ടി നടന്നു. വീട്ടീല്‍ മുറുമുറുപ്പ്‌ തുടങ്ങി..
"നീയിങ്ങനെ വല്ലോനും വേണ്ടി തെണ്ടി നടക്കാതെ വല്ലോം പഠിക്കാന്‍ പോടാ" എന്ന് അമ്മ.
എന്ത്‌ കോഴ്സ്‌..?
എന്തെങ്കിലും തൊഴിലധിഷ്ഠിത കോഴ്സ്‌ പഠിക്കാം..
IHRD-‌ യുടെ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ കോഴ്‌സ്‌ പോളിയില്‍ പഠിച്ചാലോ..
കമ്പ്യൂട്ടര്‍ ഒക്കെ നിറയെ പച്ച പിടിച്ചു വരുന്ന സമയമാ..
ഹാര്‍ഡ്‌വെയര്‍ പഠിച്ചവര്‍ അധികമില്ല..
ശിഷ്ഠകാലം കമ്പ്യൂട്ടര്‍ നന്നാക്കി കഴിക്കാം.

പോടാ ചെക്കാ..ഡിഗ്രിയും കഴിഞ്ഞിട്ട്‌ നീയിനി പോളി പഹ്ടിക്കാന്‍ പോകുവല്ലേ..നാണമില്ലല്ലോ.."
കേട്ടവര്‍ കേട്ടവര്‍ കളിയാക്കി..
കുട്ടായിയുടെ നിര്‍ബന്ധത്തിനു B.Ed-നും അപേക്ഷ അയച്ചു. എന്തേലും കിട്ടുന്നതിനു ചേരാം.

അരുവിത്തുറ കോളേജില്‍ നിന്നും, പോളിയില്‍ നിന്നും ഒരേ ദിവസമാണ്‌ അഡ്മിഷനുള്ള കാര്‍ഡ്‌ കിട്ടുന്നത്‌.
ഒരുപാട്‌ കൂട്ടിക്കിഴിക്കലുകള്‍ക്കൊടുവില്‍ പോളിയില്‍ ചേര്‍ന്നു.

മുക്കാലും കുട്ടികള്‍ പ്രീഡിഗ്രി കഴിഞ്ഞവര്‍..
പത്ത്‌ കഴിഞ്ഞ കുറേ കുഞ്ഞന്മാര്‍..
കല്യാണം കഴിഞ്ഞ രണ്ട്‌ പെണ്ണുങ്ങള്‍ ഉള്‍പ്പെടെ ആകെ പത്ത്‌ പെണ്‍കുട്ടികളും, 70 ആണ്‍കുട്ടീകളും...
പിന്നൊരു മൂത്താപ്പയായി ഈ ഞാനും..

ടീച്ചര്‌ന്മാര്‍ മിക്കവരും ഗസ്റ്റ്‌ ലക്ചര്‍ന്മാര്‍ ആണ്‌. ഞാനുമായി വലിയ പ്രായ വ്യത്യാസമില്ല.
എന്താണേലും എല്ലാവരുമായും നല്ല അടുപ്പത്തില്‍ കഴിഞ്ഞു.
പിള്ളേര്‍ക്കും പെരുത്ത്‌ സ്നേഹോം, ബഹുമാനോം...
സാറായിരുന്ന കാര്യമറിഞ്ഞതില്‍ പിന്നെ മിക്കവര്‍ക്കും എന്റെ വക സ്വകാര്യട്യൂഷനും..
ആദ്യവര്‍ഷം വലിയ കുഴപ്പമില്ലാതെ കഴിഞ്ഞു പോയി..
വര, കുറി, കാര്‍പെന്ററി, ഷീറ്റ്‌ മെറ്റല്‍, ഇലക്‌ട്രോണിക്‌സ്‌ തുടങ്ങി സകലമാന വര്‍ക്ക്ഷോപ്പുകളും കമ്പ്യൂട്ടര്‍ പഠിക്കാന്‍ ചെന്ന ഞങ്ങളെ പഠിപ്പിക്കുന്നതെന്തിനാണെന്നു മാത്രം മനസ്സിലായില്ല.

പേരിനുള്ള കമ്പ്യൂട്ടര്‍ ലാബില്‍ വിന്‍ഡോസ്‌ ഉള്ള സിസ്റ്റ്ം ഒന്നേ ഉള്ളൂ..
ബാക്കിയെല്ലാം ഫ്ലോപ്പിയിട്ട്‌ ബൂട്ട്‌ ചെയ്യുന്ന നോവല്‍ നെറ്റ്‌വെയര്‍ ജാംബവാന്‍ സാധനങ്ങള്‍..

മൗസ്സില്‍ ഒന്ന് തൊടാനുള്ള ആഗ്രഹം കാരണം ഉന്തി തള്ളി ആദ്യ ദിവസം വിന്‍ഡോസ്‌ സിസ്റ്റത്തില്‍ ഒന്നിരുന്നു...
പിന്നീടുള്ള ദിവസങ്ങളില്‍ മൂത്താപ്പയെന്ന പരിഗണനയൊന്നും കുഞ്ഞന്മാര്‍ കാട്ടിയുമില്ല.
അല്ലേലും ഇത്തിരിപ്പോന്ന അവന്മാരുടെ അടുത്ത്‌ ഒരു മൗസ്സിനായി തല്ലു കൂടാനോ..
ഞാന്‍ സ്വാര്‍ത്ഥമോഹങ്ങളില്ലാത്ത യോഗിയായി..
IPX/NETX അടിച്ചു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ മോണിറ്ററില്‍ നോക്കിയിരുന്നു...

ഒന്നാം വര്‍ഷം തീരുന്നതിനു മുമ്പേ വീട്ടില്‍ കമ്പ്യൂട്ടര്‍ വാങ്ങി.
അങ്ങനെ ഞങ്ങളുടെ നാട്ടുമ്പുറത്ത്‌ കമ്പ്യൂട്ടര്‍ വാങ്ങുന്ന ആദ്യത്തെ വീടായി ഞങ്ങളുടേത്‌..
(ടി.വി, ഫ്രിഡ്ജ്‌, സ്റ്റീരിയോ തുടങ്ങി പല കാര്യങ്ങളും അയലോക്കത്തെല്ലാം വന്നതിന്‌ കുറേ വര്‍ഷങ്ങള്‍ ശേഷമേ വാങ്ങാന്‍ പറ്റിയിരുന്നുള്ളൂ..)
പ്രീഡിഗ്രിക്ക്‌ ഒപ്പം പഠിച്ച കൂട്ടുകാരന്‍ പുതുതായി തുടങ്ങിയ അസംബ്ലിള്‍ഡ്‌ കടയില്‍ നിന്നും.
ഏറ്റവും മിനിമം കോമ്പിനേഷന്‍..
പിന്നെപ്പിന്നെ വേണ്ട സാധനങ്ങള്‍ കാശുണ്ടാവുന്ന മുറയ്ക്ക്‌ എന്റെ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ വിവരത്തിനനുസരിപ്പ്‌ വാങ്ങിപ്പിടിപ്പിച്ചു.

അതോടെ ബാക്കിയെല്ലാ കാര്യത്തിലുമുള്ള എന്റെ ശ്രദ്ധ തീര്‍ന്നു.
കമ്പ്യൂട്ടര്‍ കാണാന്‍ വരുന്ന നാട്ടിലെ കൂട്ടുകാര്‍ക്ക്‌ മുമ്പില്‍ ഡെമോ നടത്തുക.
രാത്രി ഉറക്കമിളച്ചിരുന്ന് റോഡ്‌ റാഷ്‌, NFS തുടങ്ങിയുടെ ലവലുകള്‍ തീര്‍ക്കുക, തുടങ്ങിയതായി മെയിന്‍ പരിപാടി.
പോളിയില്‍ ചെന്നാലും ചര്‍ച്ച ഇതൊക്കെ തന്നെ..
കൂട്ടുകാര്‍ കുറേപ്പേര്‍ കൂടി കമ്പ്യൂട്ടര്‍ വാങ്ങിയതോടെ സാധനത്തിന്റെ അനന്തസാധ്യതകള്‍ പിന്നെയും വര്‍ദ്ധിച്ചു.
ഒന്നിന്നും ഒരു നിയന്ത്രണവുമില്ലാതെ എല്ലാം കിട്ടുന്ന അവസ്ഥ.
അദ്യകാലത്ത്‌ സ്വന്തമായി സി.ഡി. ഡ്രൈവ്‌ ഇല്ലാതിരുന്നതിനാല്‍ ഹാര്‍ഡ്‌ ഡിസ്ക്‌ ഊരി ബാഗില്‍ വച്ച്‌ കൊണ്ടായിരുന്നു യാത്ര.
കൂട്ടുകാരുടെ വീട്ടീല്‍ പോയിരുന്ന് "വിജ്ഞാന"പ്രധമായ സിനിമകള്‍ കോപ്പി ചെയ്യാന്‍ വേണ്ടിയായിരുന്നു ഈ സാഹസം.

പ്രൊജക്ട്‌ ആവശ്യങ്ങള്‍ക്കായി രണ്ട്‌ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റ്‌ കൂടി എടുത്തപ്പോള്‍ കാര്യങ്ങള്‍ കുശാല്‍...
ചാറ്റ്‌, മെയില്‍..അങ്ങനെ മായാ ലോകത്തെത്തി...
ഡയലപ്പ്‌ കണക്ഷനായി എറണാകുളം ഡയല്‍ ചെയ്യുന്നതിന്റെ ഭീമന്‍ ബില്ലു മാത്രമായിരുന്നു ഏക പേടി..
ഈ വക തരികിടകള്‍ക്കിടയില്‍ പഠനം അതിന്റെ വഴില്‍ മുങ്ങിപ്പോയി..

എങ്കിലും അവസാന വര്‍ഷത്തെ ആഞ്ഞുപിടിത്തം കാരണം മൂത്താപ്പ എന്ന സ്ഥാനപ്പേരിന്‌ കോട്ടം വരാത്തവിധത്തില്‍ ഉയര്‍ന്ന മാര്‍ക്കോടെ ജയ്യിച്ചു.
എങ്കിലും കാമ്പസ്‌ സെലക്ഷനുകളില്‍ എല്ലാം നല്ല പ്രകടനം നടത്തിയെങ്കിലും പ്രായപരിധി കഴിഞ്ഞവന്‍ എന്ന കാരണത്താല്‍ എന്നെ അവര്‍ ഒഴിവാക്കി.
കെട്ടിയെഴുന്നെള്ളിച്ച്‌ വിപ്രോക്കാര്‍ എറണാകുളം വരെ നടത്തിച്ചെങ്കിലും , സിലക്ഷന്‍ കിട്ടിയ നാലു പേരില്‍ കുഞ്ഞനായ "സുഹൃത്തിനെ" മാത്രമേ ജോലിക്കെടുത്തൊള്ളൂ...
ജോലി ഇതാ കിട്ടിയെന്ന് കൊട്ടിഘോഷിച്ച്‌ എറണാകുളത്തിനു പോന്ന ഞാന്‍ അവിചാരതമായുണ്ടായ ഈ തിരസ്കരണത്തില്‍ ഞെട്ടിയെങ്കിലും നോര്‍ത്ത്‌ പാലത്തിന്റെ മുകളില്‍ വച്ച്‌ മറ്റ്‌ രണ്ടവന്മാരോടുമായ്‌ ഇങ്ങനെ ഉറക്കെ പ്രസ്താവിക്കാന്‍ നിര്‍ബന്ധിതനായി.

"ഇതൊന്നും വലിയ കാര്യമല്ല ചങ്ങാതീ..ഞാന്‍ ഉടനേ ബാഗ്ലൂര്‍ക്ക്‌ പോവുകയാ..അവിടെ ചെന്നാല്‍ പണികിട്ടാന്‍ ഒരു പാടുമില്ല.."

തിരിച്ചു നാട്ടീലെത്തിയ ഞാന്‍ അതേ പല്ലവി വീട്ടീലും മറ്റു കൂട്ടൂകാര്‍ക്കടുത്തും ആവര്‍ത്തിച്ചു...
എങ്കിലും എന്റെ ഉള്ളിന്റെ ഉള്ളില്‍ പോലും എന്നെങ്കിലും ബാഗ്ലൂരില്‍ എത്താം എന്ന് പ്രതീക്ഷയില്ലായിരുന്നു.

പാലായിലെ പ്രശസ്തമായ ഒരു ഹാര്‍ഡ്‌വെയര്‍ സ്ഥാപനത്തില്‍ ഞാന്‍ ട്രയിനിയായി ചേര്‍ന്നു.
കാശൊന്നും ഇല്ല.
ലോകം മുഴുവന്‍ മോണിട്ടറും, CPU-യും പൊക്കി നടക്കണം.
വണ്ടിക്കാശ്‌ കിട്ടും..രണ്ടു മാസം അങ്ങനെ..

പിന്നെ എറണാകുളത്തെ തിരക്കുള്ള ഒരു ഹാര്‍ഡ്‌വെയര്‍ കമ്പനിയില്‍ ജോലിക്കു കേറി.
കാശിന്റെ കാര്യമൊന്നും പറഞ്ഞിരുന്നില്ല.
ഒരു ദിവസം പോയി MD-യെ കണ്ടു..
പിറ്റേ ദിവസം മുതല്‍ ജോലിക്കു വന്നോളാന്‍ പറഞ്ഞു.
അങ്ങനെ ദിവസവും രാവിലെ പാലായില്‍ നിന്നും പോകുന്ന P.T.M.S-ല്‍ ഞാന്‍ സ്ഥിരം യാത്രക്കാരനായി.
വൈകിട്ട്‌ ഏതെങ്കിലും കോട്ടയം ബസ്സില്‍ കയറി ഏറ്റുമാനൂരിറങ്ങും..
ഒരു 10.30 , 11 ഒക്കെ ആകുമ്പോള്‍..
11 മണിയുടെ തിരുവനന്തപുരം ഫാസ്റ്റിനോ, ഏതെങ്കിലും ലോറിയിലോ കേറി പാലായില്‍ എത്തും.
കാശുള്ള ദിവസം ഓട്ടോയ്ക്‌, അല്ലേല്‍ നടന്ന് വീട്ടിലേക്ക്‌.

തല്‍ക്കാലം എറണകുളത്ത്‌ താമസമൊന്നും നടക്കില്ല.
വീട്ടില്‍ നിന്നും കാശുവാങ്ങിയുള്ള ഈ ഡെയലി എറണാകുളം ട്രിപ്പ്‌ മനോവിഷമുമുണ്ടാക്കിയെങ്കിലും ഇത്തിരിയൊക്കെ നേരമ്പോക്കും ഉണ്ടായിരുന്നു..
സ്ഥിരം എറണാകുളം യാത്രക്കാരായ വല്ല്യവല്ല്യ ഓഫീസര്‍ന്മാര്‍ക്കു കിട്ടുന്ന പരിഗണനയൊക്കെ കണ്ടക്ടര്‍ എനിക്കും തന്നിരുന്നു.
ഞാനും വല്ല ബാങ്കിലോ മറ്റോ ആണേന്ന് വിചാരിച്ചാവാം.

അങ്ങനെ 2000-മാണ്ടത്തെ ഓണക്കാലമെത്തി.
ഞാന്‍ ഈ കമ്പനിയില്‍ ചേര്‍ന്നിട്ട്‌ ഒരു മാസമായി.!!
എം.ഡി എന്നെ അടുത്ത്‌ വിളിച്ച്‌ കുറച്ച്‌ കാശ്‌ കയ്യില്‍ വച്ച്‌ തന്നു.
എന്നിട്ട്‌ പറഞ്ഞു.
"ആദ്യമൊക്കെ ശമ്പളം കുറവാ കേട്ടോ..എക്സീപീരിയന്‍സ്‌ ഒക്കെയാവുമ്പോള്‍ കൂട്ടീത്തരാം.."

ഞാന്‍ നന്ദിയും പറഞ്ഞ്‌ പുറത്തേക്കിറങ്ങി.
കൈയ്യില്‍ ചുരുട്ടിപ്പിടിച്ചിരുന്ന് നോട്ടുകള്‍ നിവര്‍ത്തി നോക്കി..
1500 രൂപാ!!!
എന്റെ ആദ്യ ശമ്പളം..
എന്താണേലും ഇത്തവണത്തെ ഓണം എന്റെ ചിലവില്‍.
നേരത്തേ തന്നെ വീട്ടിലേക്ക്‌ വച്ചു പിടിച്ചു.
പാലായില്‍ വന്നിറങ്ങുമ്പോള്‍ 9 മണി.

ഓണചന്ത(ഇപ്പോഴത്തെ ചാമക്കാലയില്‍ കട ഇരിക്കുന്ന സ്ഥലം) ഇനിയും അടച്ചിട്ടില്ല.
വലിയ തിരക്കൊന്നുമില്ല.
ആദ്യത്തെ ശമ്പളത്തില്‍ നിന്നും ഒരു വലിയ വാഴക്കുലയും വാങ്ങി ഓട്ടോയില്‍ രാജകീയമായി വീട്ടീല്‍ ചെന്നു കയറി.

വാതില്‍പ്പടിയില്‍ വച്ചേ പെങ്ങള്‍ ആ പ്രഖ്യാപനം നടത്തി.
"എടാ..നിന്നെ ബാഗ്ലൂര്‍ക്ക്‌ പായ്ക്ക്‌ ചെയ്യാന്‍ പോകുവാ.."
"പോടീ.പോയി പണി നോക്ക്‌.."
ഓണമായതു കൊണ്ടും,അദ്യ ശമ്പളത്താല്‍ സന്തോഷവാനായിരുന്നതു കൊണ്ടും ഞാന്‍ കൂടുതല്‍ കടുത്ത പദപ്രയോഗങ്ങള്‍ ഒഴിവാക്കി.
( അല്ലേലും അവളോട്‌ പറഞ്ഞു ജയിക്കാനുള്ള ത്രാണിയൊന്നും എനിക്കില്ല.അന്നും ഇന്നും..)
"നേരാടാ...കുഞ്ഞാന്റി ഇന്നിവിടെ വന്നിരുന്നു".
നാട്ടിലെ അറിയപ്പെടുന്ന തറവാട്ടിലെ ഉദാരമതിയും, സുശീലയുമായ ഒരു ഉദ്യോഗസ്ഥയായിരുന്നു പ്രസ്തുതമഹതി.
അമ്മ ഒാഫീസില്‍ പോണ സമയത്ത്‌ ബസ്സില്‍ കയറാന്‍ നില്‍ക്കുമ്പോഴത്തെ കൂട്ട്‌കെട്ട്‌.

"അതിന്‌ ഞാനെന്നാ വേണം"
"ആന്റിടെ മോന്‍ ഉണ്ണീ ബാഗ്ലൂരില്‍ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറാ..IBM-ല്‍"

ഭഗവാനേ..ഇവളീപ്പറയുന്നത്‌ കാര്യാണോ..
ഉണ്ണിയെ എനിക്കറിയാം.
സാധാരണ പണക്കാരുടെ പിള്ളാരുടെ ജാഡയൊന്നും ഇല്ലാത്ത ഒരു പാവം.
ചെറുപ്പത്തിലേ പഠിത്തമൊക്കെ കല്‍ക്കട്ടയില്‍ ആയിരുന്നതിനാല്‍ അടുത്ത പരിചയം അത്ര പോരാ..
എങ്കിലും കുറേ പ്രാവശ്യം മിണ്ടിയിട്ടുണ്ട്‌..
കക്ഷി എഞ്ചിനീയറിംഗ്‌ കോളേജില്‍ വലിയ SFI നേതാവാണെന്നൊക്കേ കേട്ടപ്പോള്‍ അതിശയം തോന്നി..
ഈ പാവമോ..ഏയ്‌ അസൂയാലുക്കള്‍ ചുമ്മാ പറയുന്നതാവും.
(ഞാനല്ലേ നാട്ടിലെ അറിയപ്പെടുന്ന DYFI/SFI പ്രവര്‍ത്തകന്‍..ഹാഹാ..)

അമ്മ പറഞ്ഞപ്പോള്‍ കാര്യങ്ങള്‍ കുറെകൂടി വ്യക്തമായി.
ഞാനാണേല്‍ കുറേ നാളായി ബാഗ്ലൂര്‍ പോകാമ്പോണൂ എന്ന് പറഞ്ഞു നടക്കുന്നു.
പോകാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഉണ്ണിയോട്‌ പറഞ്ഞ്‌ ശരിയാക്കാമെന്ന് ആന്റി..
എങ്ങനെയാണേലും അവര്‍ കാര്യം തീരുമാനമാക്കി വച്ചിരിക്കുകയാണ്‌.

എനിക്കാണേല്‍ ഭയങ്കര ചമ്മല്‍..
കാര്യം പോയാല്‍ കൊള്ളാമെന്നൊക്കെയുണ്ട്‌..
നല്ലൊരു പണി കിട്ടിയാലോ...
എന്നാലും എന്നേക്കൂടേ കൊണ്ട്‌ പോകാമോ എന്ന് ഉണ്ണിയോട്‌ ചോദിക്കാന്‍ ഒരു മടി.
അവരൊക്കെ വലിയ ആള്‍ക്കാരല്ലേ...ഇഷ്ടപ്പെട്ടില്ലെങ്കിലോ...
അതുമല്ല.."പോയി പണി നോക്ക്‌" എന്നെങ്ങാന്‍ പറഞ്ഞാല്‍ വലിയ ചമ്മലാവും.
അറിഞ്ഞിടത്തോളം ഉണ്ണീയുടെയും ആ വീട്ടുകാരുടേയും സ്വഭാവം വച്ച്‌ അങ്ങനെയൊന്നും പറയാനുള്ള ചാന്‍സില്ല.
എന്നാലും..ഒരു ശങ്ക..

"ദൈവമേ നല്ലതു വരുത്തണേ.."
എല്ലാം ഞാന്‍ അന്തോണീസു പുണ്യാളനു വിട്ടു.
പുണ്യാളന്‍ പ്രാര്‍ത്ഥന കേട്ടു.

പിറ്റേ ഞായറാഴ്ച.
ഞാന്‍ പതിവു പോലെ അമ്മയ്ക്ക്‌ ഒരു കൈ സഹായവുമായി കിച്ചണില്‍..
തിളക്കുന്ന ചട്ടിയില്‍ നിന്നും സാഹസികമായി ഒരു ചിക്കന്‍ പീസ്‌ പൊക്കിയെടുത്ത്‌ വായ്‌ പൊള്ളാതെ അകത്താക്കുമ്പോഴാണ്‌ അതു സംഭവിച്ചത്‌.
ഒരു ബുള്ളറ്റ്‌ വീടിനു മുമ്പില്‍ വന്ന് നിന്നു.
പിന്നെ ആരോ വീടിന്റെ കോളിംഗ്‌ ബെല്‍ അടിച്ചു.

ഞാന്‍ ചിക്കന്റെ ചാറ്‌ ഉടുത്തിരുന്ന മുണ്ടില്‍ തൂത്തിട്ട്‌ പോയി അലസം വാതില്‍ തുറന്നു.
വാതില്‍ക്കല്‍ ആജാനുബാഹുവായ ഉണ്ണി..
ഞാനാകെ ചമ്മിപ്പോയി..
ആ സമയത്ത്‌ എന്റെയൊരു കോലം അപ്രകാരമായിരുന്നു.
ഒരു മുഷിഞ്ഞ ഒറ്റ മുണ്ട്‌ മാത്രമുടുത്ത്‌ ഞായറാഴ്ചയുടെ എല്ലാ മൊരപ്പോടു കൂടിയും ....

"എടോ മാഷേ..താന്‍ ബാഗ്ലൂര്‍ക്ക്‌ വരണെന്ന് കേട്ടു"
"വന്നാല്‍ കൊള്ളാമെന്നുണ്ട്‌. എന്നാലും പരിചയമില്ലാത്ത സ്ഥലമായതു കൊണ്ടാ. "
"ഒന്നും പേടിക്കേണ്ട മാഷേ..ഞാനില്ലേ അവിടെ..ധൈര്യമായി വാ. വന്ന് സ്ട്രാറ്റജി ഒക്കെ മനസ്സില്ലാക്കാമല്ലോ.."
ഇതിനിടയിലെപ്പോഴോ ഞാന്‍, പെങ്ങള്‍ വാതിലിനിടയിലൂടെ ഇട്ടു തന്ന ഷര്‍ട്ട്‌ ഇട്ട്‌ ഡീസന്റായിരുന്നു.

പിന്നെയും കുറേ കുശലപ്രശ്നങ്ങള്‍ക്ക്‌ ശേഷം ഉണ്ണി ഒരു പേപ്പറില്‍ അഡ്രസ്സ്‌ എഴുതി തന്നു.
#23, 6th Street,
6th‌ Main Road,
BTM 2nd Stage,
Bangalore.

ഒരു പേപ്പറില്‍ വീട്ടിലെത്താനുള്ള വഴിയും വരച്ചു തന്നു..
സില്‍ക്ക്‌ ബോര്‍ഡ്‌ ജംഗ്ഷനില്‍ ഇറങ്ങുക.
എന്നിട്ട്‌ ഉഡുപ്പി ഗാര്‍ഡന്‍ ചോദിച്ച്‌ വരിക.
അവിടെ നിന്നും ലെഫ്‌റ്റ്‌.
പിന്നെ 6ത്‌ സ്ട്രീറ്റില്‍ എത്തി വീട്ടില്‍ എത്തുക.
ഉണ്ണി യാത്ര പറഞ്ഞ്‌ പോവുമ്പോഴേക്കും ഞാനാ അഡ്രസ്സും , വഴിയും മന:പാഠമാക്കിയിരുന്നു.

അങ്ങനെ 2000 സെപ്‌റ്റംബര്‍ 24 -തീയതി വൈകിട്ട്‌ പാലായില്‍ നിന്നും രുക്‌മാ ട്രാവല്‍സിന്റെ കുതിരയുടെ പടമുള്ള എയര്‍ബസ്സില്‍ കയറി ഞാന്‍ ബാഗ്ലൂര്‍ക്ക്‌ യാത്രയായി.
പുതിയ മേച്ചില്‍ പുറങ്ങളും തേടി...
ഒരു നൂറു സ്വപ്നങ്ങളുമായി...